സൗദിയിലെ പുതുക്കിയ ലെവി: എട്ടു വിഭാഗങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം

സൗദിയില്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ ലെവിയില്‍ നിന്ന് എട്ടു വിഭാഗങ്ങളില്‍പ്പെട്ട വിദേശ തൊഴിലാളികളെ ഒഴിവാക്കിയതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജി.സി.സി പൗരന്മാര്‍ക്കും, നാടു കടത്തലില്‍ ഇളവ് ലഭിച്ചവര്‍ക്കും ലെവി അടയ്‌ക്കേണ്ടതില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

അഞ്ചില്‍ കുറവ് ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കാണ് ലെവി ഇളവിന്റെ പ്രയോജനം മുഖ്യമായും ലഭിക്കുക. ഒമ്പത് പേരുള്ള സ്ഥാപനത്തിലെ സ്ഥാപനയുടമ അതേസ്ഥാപനത്തിലെ ജോലിക്കാരനാണെങ്കില്‍ നാല് വിദേശി ജോലിക്കാര്‍ക്കും ഇളവ് ലഭിക്കും. വീട്ടുവേലക്കാര്‍ക്ക് ലെവി ഒഴിവായതിനാല്‍ അവരുമായി ബന്ധപ്പെട്ട റിക്രൂട്ടിങ് ഓഫീസ് ജോലിക്കാര്‍ക്കും ലെവി ഒഴിവാകും.

ജി.സി.സി പൗരന്മാര്‍, സൗദി പൗരത്വം ഉള്ളവരുടെ വിദേശിയായ ഭര്‍ത്താവ്, ഭാര്യ, സൗദി വനിതകള്‍ക്ക് വിദേശിയായ ഭര്‍ത്താവില്‍ ജനിച്ച കുട്ടികള്‍, നാടുകടത്തുന്നതില്‍ നിന്ന് ഇളവുലഭിച്ച രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കും ലെവി ബാധകമാവില്ല. മന്ത്രാലയം വ്യക്തമാക്കിയ എട്ട് വിഭാഗത്തിനല്ലാതെ ലെവി അടക്കുന്നതില്‍ ആര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഇളവ് ബാധകമല്ല.

Read more

സൗദികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ഉള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ പ്രതിമാസം 400 റിയാലും സൗദികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ 300 റിയാലുമാണ് ലെവി അടയ്‌ക്കേണ്ടത്. താമസ തൊഴില്‍ രേഖകള്‍ പുതുക്കുമ്പോഴാണ് ലെവി ഈടാക്കുക. ലെവി അടയ്ക്കാതെ ഇതിനകം പുതുക്കിയവരും ജനുവരി മുതലുള്ള ലെവി മൂന്നു മാസത്തിനകം അടയ്‌ക്കേണ്ടി വരും. 2019 ആദ്യത്തിലും 2020 ആദ്യത്തിലും ലെവി 200 റിയാല്‍ വീതം വര്‍ധിക്കും.