സൗദിക്കെതിരെയുള്ള മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന് അമേരിക്ക

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിന് നേരെ ഹൂത്തികള്‍ അയച്ച മിസൈലിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി അമേരിക്ക. സൗദി പ്രതിരോധനിര തകര്‍ത്ത മിസൈല്‍ അവശിഷ്ടങ്ങളില്‍നിന്ന് ഇറാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലി ആരോപിച്ചു.

നിക്കി ഹാലിയുടെ ആരോപണത്തിന് പിന്നാലെ ഇറാനെതിരെയുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെയുള്ള തെളിവുകള്‍ ശക്തമാണെന്നും ഇത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്നതല്ലെന്നുമാണ് അമേരിക്കന്‍ ആരോപണം. മിസൈലുകളില്‍ ഇറാന്‍ നിര്‍മ്മിത മുദ്രകളുണ്ട്. സൗദിക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിലൂടെ ഇറാന്‍ യുഎന്‍ രക്ഷാസമിതിയുടെ വ്യവസ്ഥകളെ ലംഘിച്ചിരിക്കുകയാണെന്ന് യുഎസ് കുറ്റപ്പെടുത്തി. ഹൂതികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ സായുധവിഭാഗങ്ങള്‍ക്ക് ആയുധം എത്തിച്ചു നല്‍കുന്ന ഇറാന്‍ നടപടി ലോകമസാധാനത്തിനു തിരിച്ചടിയാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.

അതേസമയം, അമേരിക്ക ഉന്നയിച്ച ആരോപണങ്ങളെ പാടേ നിഷേധിക്കുകയാണ് ഇറാനി ഭരണകൂടം. അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ യുഎസ് നടത്തുന്ന ജല്‍പ്പനങ്ങളെ ലോകം തള്ളുമെന്നായിരുന്നു ഇറാന്‍ പ്രതികരണം.

ജറുസലേമിന്റെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയുടെ പേരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യം ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ ക്ഷീണം മറികടക്കാനും ഇറാനെതിരെ അറബ് വികാരം ഉണര്‍ത്തിവിടാനുമാണ് അമേരിക്ക ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് യുഎന്നിനെ പിന്തിരിപ്പിക്കാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദ നടപടിയുമാണിത്.