സൗദിയില്‍ ഉദ്യോഗസ്ഥര്‍ക്ക് 1000 റിയാല്‍ വീതം പ്രത്യേക അലവന്‍സ് നല്‍കാന്‍ ഉത്തരവ്

സൗദിയില്‍ മൂല്യവര്‍ധിത നികുതി നിലവില്‍ വന്നതിനു പിന്നാലെ ജീവനക്കാര്‍ക്ക് ആശ്വാസ അലവന്‍സുമായി സൗദി ഭരണകൂടം. സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൈനികകര്‍ക്കും അടുത്ത ഒരു വര്‍ഷത്തേക്ക് മാസം ആയിരം റയാല്‍ വീതം പ്രത്യേക അലവന്‍സ് നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവായി. ഈ മാസം മുതല്‍ നടപ്പാട്ടിയ വാറ്റ് നടപ്പില്‍ വന്നതോടെ ഈ അലവന്‍സ് ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ്.

രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ ആശ്വാസം നല്‍കുന്നതിനാണ് പ്രത്യേക അലവന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. യെമന്‍ അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്ക് 5000 റിയാല്‍ വീതം അലവന്‍സ് നല്‍കാനും ഉത്തരവായിട്ടുണ്ട്. അതോടൊപ്പം ക്ഷേമപദ്ധതികളില്‍ ആനുകൂല്യം പറ്റുന്നവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം മാസംതോറും 500 റിയാല്‍ വീതം പ്രതിമാസ അലവന്‍സ് ലഭിക്കും.

വിദ്യാര്‍ഥികള്‍ക്കു നല്‍കി വരുന്ന പ്രതിമാസ അലവന്‍സും പത്ത് ശതമാനം വര്‍ധിപ്പിച്ചു. പൗരന്മാര്‍ ഉപയോഗിക്കുന്ന സ്വകാര്യ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ക്കുള്ള മൂല്യവര്‍ധിത നികുതി സര്‍ക്കാര്‍ വഹിക്കും. എട്ടരലക്ഷം റിയാല്‍ വരെയുള്ള വീടുകള്‍ വാങ്ങുന്നതിനുള്ള വാറ്റും സര്‍ക്കാരാണ് വഹിക്കുക.