'ലോകരക്ഷകനെ' വാങ്ങിയത് സൗദി കിരീടാവകാശി? കലാരംഗത്ത് മുറുമുറുപ്പ്‌

വിശ്വവിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോകരക്ഷകന്‍ എന്നര്‍ഥം വരുന്ന “സാല്‍വദോവര്‍ മുണ്ടി” എന്ന ചിത്രം ലേലത്തില്‍ വാങ്ങിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന് റിപ്പോര്‍ട്ട്. ബദര്‍ ബിന്‍ അബ്ദുല്ലയെന്ന സൗദി രാജകുടുംബാംഗമാണു പെയിന്റിങ് വാങ്ങിയതെന്ന വാര്‍ത്തകള്‍ക്കിടെയാണ് യഥാര്‍ഥ ഉടമ സല്‍മാന്‍ രാജകുമാരനാണെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

3000 കോടി മുടക്കി ആരോ വാങ്ങിയെന്നും അബുദാബിയിലെ പുതിയ “ലൂര്‍” മ്യൂസിയത്തില്‍ എത്തുമെന്നും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആരാണ് ഇത്രയും വിലനല്‍കി ലേലത്തിന് ഏശു ക്രിസ്തുവിന്‍റെ ചിത്രം എടുത്തതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. 1505 ലാണ് ക്രിസ്തുവിന്റെ രൂപത്തിലുള്ള സാല്‍വദോര്‍ മുണ്ടി എന്ന ചിത്രം ഡാവിഞ്ചി വരച്ചത്. “മെയില്‍ മൊണാലിസ” എന്നും വിളിപ്പേരുള്ള ചിത്രത്തിന് ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസായ “മൊണാലിസ” എന്ന ചിത്രവുമായി സാദൃശ്യമുണ്ട്.

കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് 450 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ചിത്രം ലേലത്തില്‍പോയത്. ഇതിന് മുന്‍ുപ് കലാലോകത്ത് നടത്തിയ ലേലത്തെക്കാള്‍ ഇരട്ടിയിലധികം തുകയായിരുന്നു ഇത്. 1519ല്‍ അന്തരിച്ച ഡാവിഞ്ചിയുടെ ഇരുപതില്‍ താഴെ പെയിന്റിങ്ങുകളേ ഇപ്പോഴുള്ളൂ.

ലൂര്‍ മ്യുസിയത്തിലേക്ക് ചിത്രം എത്തുന്ന വിവരം മ്യൂസിയം അധികൃതര്‍ ട്വിറ്ററിലുടെ വെളിപ്പെടുത്തിയിരുന്നു. യുഎഇയില്‍ നവംബര്‍ എട്ടിന് തുറന്ന “ലൂര്‍ അബുദബി” ഇതിനകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. നൂറു കോടി ഡോളര്‍ ചിലവഴിച്ച് 10 വര്‍ഷംകൊണ്ടാണ് മ്യൂസിയത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. “ലോകരക്ഷകന്‍”കൂടി എത്തുന്നതോടെ മ്യൂസിയത്തിന്റെ പ്രശസ്തി വര്‍ധിക്കുമെന്ന് ഉറപ്പ്.

അതേസമയം, ഇത്രയും മികച്ചൊരു കലാസൃഷ്ടി സൌദി രാജകുമാരന്‍ സ്വന്തമാക്കിയതിന്‍റെ കാരണം ചികഞ്ഞന്വേഷിക്കുകയാണ് ചില മാധ്യമങ്ങള്‍. മുഹമ്മദ് ബിന്‍ സല്‍മാന് ക്രിസ്തുവിന്‍റെ ചിത്രം എന്തിനാണെന്നാണ് ചില മാധ്യമങ്ങളുടെ മുറവിളി.