സൗദിയില്‍ സ്വവര്‍ഗവിവാഹം, ചടങ്ങില്‍ പങ്കെടുത്തവരെ എല്ലാം അറസ്റ്റ് ചെയ്തു

സൗദി അറേബ്യയില്‍ സ്വവര്‍ഗ വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചടങ്ങില്‍ പങ്കെടുത്തവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. വിവാഹിതരായ ഇരുവരും ഇപ്പോള്‍ മെക്കാ പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റിലായവരുടെ പേര് വിവരങ്ങളോ അവര്‍ നേരിടുന്ന ചാര്‍ജുകളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സെക്ഷ്വല്‍ ഓറിയന്റേഷന്‍ സംബന്ധിച്ച് എഴുതി തയാറാക്കിയ നിയമങ്ങള്‍ നിലവിലുള്ള രാജ്യമല്ല സൗദി അറേബ്യ. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാനായി വിട്ടുകൊടുക്കും. പിന്നീട് ശരിയത്ത് നിയമപ്രകാരമാണ് ഇസ്ലാമിക് കോടതി ഇവര്‍ക്ക് ശിക്ഷവിധിക്കുക. സ്വവര്‍ഗരതിക്ക് നിയമം മൂലം നിരോധനമില്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സ്വവര്‍ഗരതി.

രണ്ട് പുരുഷന്മാര്‍ കൈകോര്‍ത്ത് നടന്നുപോകുന്നതിന്റെയും ചുറ്റും കൂടിനിന്നവര്‍ അവര്‍ക്ക് ആശിര്‍വാദം നല്‍കുന്നതിന്റെയു ദൃശ്യമാണ് പുറത്തായത്. കൈകോര്‍ത്ത് നടന്നുപോകുന്നവരില്‍ ഒരാള്‍ സ്ത്രീകളുടെ വിവാഹ വസ്ത്രമാണ് അണിഞ്ഞിരിന്നത്. മെക്കയ്ക്ക് സമീപം നടന്ന ഈ സംഭവത്തെക്കുറിച്ച് അവിചാരിതമായി അവിടെയെത്തിയ ഒരാളാണ് പൊലീസില്‍ പരാതിപ്പെട്ടത്.

സംഭവത്തിലുള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായി മെക്ക പൊലീസ് അറിയിച്ചു. ഇവരെയെല്ലാവരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ഇതേവരെയുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചില ഇളവുകള്‍ കൊണ്ടുവന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് സൗദിയിലെ യാഥാസ്ഥിതിക വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

Read more

സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതും സ്റ്റേഡിയത്തിലെത്തി ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്നതുള്‍പ്പെടെയുള്ള സ്വാതന്ത്ര്യം രാജകുമാരന്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഇളവുകള്‍ യാഥാസ്ഥിതികരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.