അനുവാദമില്ലാതെ പൊതുപരിപാടി; സൗദിയില്‍ മലയാളികള്‍ അറസ്റ്റില്‍

സൗദിയിലെ അല്‍ഹസ്സ നഗരത്തില്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ പൊതുപരിപാടി സംഘടിപ്പിക്കാനൊരുങ്ങിയ നാല് മലയാളികള്‍ അറസ്റ്റില്‍. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ സാഹിത്യോത്സവം പരിപാടി സംഘടിപ്പിക്കാനൊരുങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

മുന്‍കൂട്ടിയിലുള്ള അനുവാദം ലഭിക്കാതെ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സൗദിയില്‍ നിരോധനമുണ്ട്. എങ്കിലും ഹോട്ടലുകളിലും മറ്റുമായി മലയാളികള്‍ പരിപാടികള്‍ നടത്താറുണ്ട്. സൗദിയില്‍ അനുവാദമില്ലാതെ പൊതുപരിപാടി സംഘടിപ്പിക്കരുതെന്ന് ഇന്ത്യന്‍ എംബസി ഓര്‍മിപ്പിക്കാറുണ്ടെങ്കിലും മലയാളികള്‍ പലപ്പോഴും അതിലത്ര ശ്രദ്ധ നല്‍കാറില്ല.

അറസ്റ്റ് ചെയ്തവരെ വിട്ടയച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രവാസ രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ നയകേന്ദ്രങ്ങള്‍ ഇന്ത്യക്കാരെ ഉപദേശിച്ചു.