ഖഷോഗി വധത്തില്‍ സൗദി കനത്ത നയതന്ത്ര പ്രതിസന്ധിയിലേക്ക്; മാധ്യമ പ്രവര്‍ത്തകന്റെ ശരീരാവശിഷ്ടങ്ങള്‍ സൗദി സ്ഥാനപതിയുടെ വസതിയില്‍ കണ്ടെത്തി

Gambinos Ad

ഖഷോഗി വധത്തില്‍ സൗദി കനത്ത നയതന്ത്ര പ്രതിസന്ധിയിലേക്ക്. സൗദി കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ സൗദി സ്ഥാനപതിയുടെ വസതിയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമമായ സ്‌കൈ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖം വികൃതമാക്കിയ നിലയിലാണ് മൃതദേഹം. വെട്ടിനുറുക്കിയ മൃതദേഹം സ്ഥാനപതിയുടെ വസതിയിലെ ഉദ്യാനത്തില്‍ നിന്നാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Gambinos Ad

നേരത്തെ തുര്‍ക്കിയിലെ റോഡിന പാര്‍ട്ടി നേതാവ് ഡോഗു പെരിന്‍ജെക് ഖഷോഗിയുടെ മൃതദേഹം സ്ഥാനപതിയുടെ വസതിക്ക് സമീപമുളള കിണറില്‍ നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ടിരുന്നു.

സൗദി ഭരണകൂടത്തിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും കടുത്ത വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗി കഴിഞ്ഞ രണ്ടിനാണ് വിവാഹ സംബന്ധമായ രേഖകള്‍ക്ക് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ചെല്ലുന്നത്. പിന്നീട്, അവിടെ നിന്ന് കാണാതായി. തുടര്‍ന്ന്, പ്രതിശ്രുത വധു തുര്‍ക്കി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഖഷോഗിയെ കാണാതായതിന്റെ രണ്ടാഴ്ചയോളം തങ്ങള്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു അറിവുമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന സൗദി അറേബ്യ പിന്നീട് കോണ്‍സുലില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ സൗദി പറയുന്ന ന്യായവാദങ്ങള്‍ തുര്‍ക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെറ്റെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉലച്ചിലുണ്ട്. കാനഡ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സൗദിയോടുള്ള നിലപാട് കടുപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.