മൂന്നാം ഡോസ് കോവിഷീല്‍ഡ് വേണമെന്ന് പ്രവാസികള്‍. കോടതി ഇന്ന് പരിഗണിക്കും

സൗദിയില്‍ കോവാക്‌സിന് അംഗീകാരമില്ലാത്തതിനാല്‍ കോവാക്‌സിന്‍ രണ്ടു ഡോസ് എടുത്തുപോയവര്‍ക്ക് മൂന്നാമതൊരു ഡോസ് കോവിഷീല്‍ഡ് കുത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി മലയാളി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ടു ഡോസ് കോവാക്‌സിന്‍ എടുത്ത നൂറുകണക്കിന് മലയാളികളടക്കമുള്ള പ്രവാസികള്‍ മടങ്ങിപ്പോകാനാകാതെ പെട്ടുപോയിട്ടുണ്ട്.

വേഗത്തില്‍ മടങ്ങുക എന്ന ഉദ്ദേശ്യത്തില്‍ പലരും വേഗത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കോവാക്‌സിന്‍ എടുത്തത്. പക്ഷെ പിന്നീടാണ് കോവാക്‌സിന് പല ഗള്‍ഫ് രാജ്യങ്ങളിലും അംഗീകാരമില്ല എന്നറിഞ്ഞത്.

കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി ഗിരികുമാറാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റീസ് പി.ബി. സുരേഷ്‌കുമാര്‍ ആണ് ഹര്‍ജി പരിഗണിക്കുക. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം കോടതി യൂണിയന്‍ ഗവണ്‍മെന്റിന്റെ വിശദീകരണം തേടിയിരുന്നു.