വന്ദേഭാരത് മിഷന്‍; ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകളുടെ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന സര്‍വീസുകള്‍ക്കാണ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഈടാക്കിയിരുന്ന ദമ്മാം- കൊച്ചി സര്‍വീസിന് 1703 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് സൗദിയിലെ എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിരക്ക് വര്‍ധിപ്പിക്കുന്നതോടെ 950 റിയാല്‍ ഏകദേശം 18760 രൂപ ഈടാക്കിയ ദമ്മാം കൊച്ചി സര്‍വീസിന് ഇനിമുതല്‍ 1703 റിയാല്‍ ഏകദേശം 33635 രൂപ നല്‍കണം.

സൗദിയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കും ഇതേ രീതിയില്‍ വര്‍ധിച്ച നിരക്ക് തന്നെയാണ് ഈടാക്കുന്നത്. പ്രവാസി ഒരുതരത്തിലും കരുണ അര്‍ഹിക്കുന്നില്ല എന്നാവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന നടപടികൂടിയാണ് ഇതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.