24 മണിക്കൂറിനിടെ 3531 പേര്‍ക്ക് രോഗമുക്തി; സൗദി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു

സൗദിയില്‍ 24 മണിക്കൂറിനിടെ 3531 പേര്‍ക്ക് രോഗമുക്തി. വ്യാഴാഴ്ച 1644 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ ആകെ എണ്ണം 80185 ആയി. 16 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 441 ആയി. സൗദിയില്‍ ആകെ 7,70,696 കോവിഡ് ടെസ്റ്റുകള്‍ നടന്നു. 39 ദിവസമായി വീടുകളിലും ക്യാമ്പുകളിലും കോവിഡ് ടെസ്റ്റ് നടക്കുന്നുണ്ട്.

ഇതിനിടെ നിലവിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ച മുന്‍കരുതലുകള്‍ പാലിച്ച് രാജ്യത്തെ പള്ളികളും വ്യാപാര സ്ഥാപനങ്ങളും മാളുകളും തുറക്കാം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം ഘട്ടംഘട്ടമായി നീക്കം ചെയ്യും. ജൂണ്‍ 20 വരെ മാത്രമാണ് ഈ ഇളവുകള്‍. അതിനു ശേഷമുള്ള ഇളവുകള്‍ അന്നത്തെ സാഹചര്യം വിലയിരുത്തി തീരുമാനിക്കും.

മേയ് 28 വ്യാഴം മുതല്‍ 30 ശനി വരെ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്നു വരെയും മേയ് 31 ഞായര്‍ മുതല്‍ ജൂണ്‍ 20 ശനി വരെ രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയും മക്ക ഒഴികെ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും നഗരങ്ങളിലും സ്വന്തം വാഹനം ഉപയോഗിച്ച് യാത്ര ചെയ്യാം. മേയ് 31 ഞായറാഴ്ച മുതല്‍ രാജ്യത്തെ പള്ളികള്‍ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും ജുമുഅ നമസ്‌കാരത്തിനുമായി തുറക്കും. ജൂണ്‍ അഞ്ച് വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നടക്കും. എന്നാല്‍ മക്കയിലെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയിട്ടില്ല.

ശാരീരിക അകലം പാലിക്കാന്‍ കഴിയാത്ത ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്പോര്‍ട്സ് ആന്‍ഡ് ഹെല്‍ത്ത് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. ആഭ്യന്തര വിമാന സര്‍വീസുകളും ഉടന്‍ പുനരാരംഭിക്കും. എന്നാല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. വിമാന സര്‍വീസുകള്‍ മുന്‍കരുതലോടെ ഘട്ടംഘട്ടമായിട്ടായിരിക്കും ആരംഭിക്കുക.