കോവിഡ് 19: ബഹറിനില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അയവു വരുത്തി ബഹറിന്‍. ഇതനുസരിച്ചു ഇന്നു മുതല്‍ വാണിജ്യസ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാം. ബഹറിന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

വളരെ അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ. ബീച്ചുകളിലും പാര്‍ക്കുകളിലും കൂടിച്ചേരല്‍ അനുവദിക്കില്ല. ഷോപ്പിംഗ് മാളുകളിലും മറ്റും ക്യൂ നില്‍ക്കുമ്പോഴും മറ്റും ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. സിനിമാ ശാലകള്‍, ജിനേഷ്യം, സ്വിമ്മിംഗ് പൂള്‍, റിക്രിയേഷന്‍ സെന്ററുകള്‍, സലൂണുകള്‍ തുടങ്ങിയവ അടച്ചിടുവാന്‍ തന്നെയാണ് തീരുമാനം. മറ്റു വാണിജ്യസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

റെസ്റ്റോറന്റുകളില്‍ ടേക്ക് എവേ, ഡെലിവറി മാത്രം അനുവദിച്ചിട്ടുണ്ട്. കഴിയുന്നതും ഹോം ഡെലിവറി സംവിധാനം പ്രയോജനപ്പെടുത്തണം. ജീവനക്കാരും സന്ദര്‍ശകരും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, തിരക്ക് ഒഴിവാക്കണം തുടങ്ങിയ നിബന്ധനകള്‍ തുടരും. പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.