സൗദി അറേബ്യയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു; വിദേശ തൊഴിലാളികള്‍ക്ക് ഇനി കൂടുതല്‍ അവകാശങ്ങള്‍

  • തൊഴില്‍ മാറ്റങ്ങളും രാജ്യത്തെ വിദേശ തൊഴിലാളികളുടെ എക്സിറ്റ് നടപടി ക്രമങ്ങളിലെ മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ പരിഷ്‌ക്കാരങ്ങള്‍ 2021 മാര്‍ച്ചില്‍ നിലവില്‍ വരും
  • തൊഴിലുടമയുടെ അനുവാദമില്ലാതെ ജോലി മാറാനും എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാനുമുള്ള അവകാശം നല്‍കുന്ന പുതിയ മാറ്റങ്ങള്‍ സൗദിയിലെ തൊഴില്‍ വിപണിയില്‍ വലിയ ഉണര്‍വ്വു കൊണ്ടുവരും

സൗദി അറേബ്യയിലെ മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയം ഇന്ന് രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. സൗദിയുടെ വിഷന്‍ 2030, നാഷ്ണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം (NTP) എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന നിയമങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രാലയം “ലേബര്‍ റിലേഷന്‍ ഇനീഷ്യേറ്റീവ്” പ്രഖ്യാപിച്ചു.

2021 മാര്‍ച്ചില്‍ ഈ നിയമപരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരും. പുതിയ നിയമങ്ങള്‍ വിദേശ തൊഴിലാളികളെ തൊഴില്‍ മാറ്റത്തിനും നിലവിലെ എക്സിറ്റ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നതിനും അനുവദിക്കുന്നു. അതേസമയം ഇത് സൗദി തൊഴില്‍ നിയമങ്ങളും അന്താരാഷ്ട്ര ഇമ്മിഗ്രേഷന്‍ രീതികളും ലംഘിക്കുന്നത് ആയിരിക്കുകയുമരുത്. ഈ മാറ്റങ്ങള്‍ സൗദി അറേബ്യയിലെ തൊഴില്‍ വിപണിയില്‍ പുതിയ ഉണര്‍വിനും കൂടുതല്‍ വേതനങ്ങള്‍ക്കും കാരണമാകുകയും രാജ്യത്ത് കൂടുതല്‍ പണമൊഴുക്കിന് ഇടയാക്കുകയും ചെയ്യും.

തൊഴിലാളികള്‍ക്ക് ജോലി മാറാനും തൊഴിലുടമകള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലാളികളെ കണ്ടെത്താനും ഇത് അവസരമൊരുക്കുന്നു. പ്രാദേശിക തൊഴില്‍ വിപണിക്ക് ഉണര്‍വു കൊണ്ടുവരുമെന്നും നിയന്ത്രണങ്ങള്‍ തൊഴിലുടമകള്‍ക്കും വിദേശ തൊഴിലാളികള്‍ക്കും ഗുണകരമായ രീതിയില്‍ ആക്കുമെന്നുമുള്ള സൗദി അറേബ്യയുടെ പ്രഖ്യാപനത്തോടുള്ള പ്രതിജ്ഞാബദ്ധത എടുത്തുകാണിക്കുന്നതാണ് പുതിയ “ലേബര്‍ റിലേഷന്‍ ഇനീഷ്യേറ്റീവ്. വിദേശ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്ന രാജ്യമെന്ന സൗദിയുടെ സത്പ്പേരിനെയും തൊഴില്‍ വിപണിയുടെ കാര്യക്ഷമ വര്‍ദ്ധിപ്പിക്കലിനെയും പിന്തുണയ്ക്കുന്നതാണ് ഈ നീക്കം.

ഇത് പ്രാദേശിക തൊഴിലുടമകളും വിദേശ തൊഴിലാളികളും തമ്മില്‍ തൊഴില്‍ മാറ്റം, എക്സിറ്റ് വീസ എന്നിവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ കുറയ്ക്കുകയും ചെയ്യും. രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റാനുള്ള അവകാശം, എക്സിറ്റ്/മടങ്ങിവരവ് വീസയ്ക്കുള്ള അപേക്ഷ, ഫൈനല്‍ എക്സിറ്റ് വീസ നേടല്‍ എന്നിവയ്ക്ക് അനുവാദം നല്‍കുന്നതാണ് പരിഷ്‌ക്കാരങ്ങള്‍. ഇവയെല്ലാം തന്നെ ഇപ്പോള്‍ തൊഴിലുടമയുടെ അനുവാദം കൂടാതെ തന്നെ ഓട്ടോമാറ്റിക്കായി അനുവദിച്ചു കിട്ടും. ഈ മൂന്നു സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് “Absher” എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലൂടെയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും ആയിരിക്കും.

പ്രാദേശിക തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യം കൈക്കൊണ്ട വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (WPS) (വേതന സംരക്ഷണ സംവിധാനം), തൊഴില്‍ കരാറുകളുടെ ഇലക്ട്രോണിക് ഡോക്യുമെന്റേഷന്‍, തൊഴില്‍ തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്തു പരിഹരിക്കുന്ന “Widy” അവതരിപ്പിച്ചത് പോലുള്ള പദ്ധതികളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് “ലേബര്‍ റിലേഷന്‍ ഇനീഷ്യേറ്റീവും”.