അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി ഖത്തർ; പുതിയ തീരുമാനം പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ

അടച്ചിട്ട സ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഖത്തർ. പ്രതിദിന കോവിഡ് കേസുകൾ കൂടിയതോടെയാണ് മാളുകൾ, ഷോപ്പിങ് സെന്ററുകൾ, പള്ളികൾ,സിനിമാ തിയറ്ററുകൾ, ജിംനേഷ്യം തുടങ്ങിയ സ്ഥലങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്.

മന്ത്രിസഭാ യോഗത്തിന്റേതാണ് പുതിയ തീരുമാനം. നാളെ മുതൽ നിയമം പ്രാബല്യത്തിൽ വരും. കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ മെയ് 18ന് അടച്ചിട്ട കേന്ദ്രങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഈ നിയമമാണ് പരിഷ്‌കരിച്ചത്.

6 വയസിന് മുകളിലുള്ള എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. നിലവിൽ മെട്രോ, കർവ ബസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ, ആശുപത്രികൾ, ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാർ തുടങ്ങിയവർക്കെല്ലാം മാസ്‌ക് നിർബന്ധമാണ്. എന്നാൽ തുറസായ സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടില്ല.

പ്രതിദിനം അറുനൂറോളം സമ്പർക്ക കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച ഖത്തറിൽ റിപ്പോർട്ട് ചെയ്തത്. തുടർന്നാണ്  ഖത്തറിൽ മാസ്ക് നിർബന്ധമാക്കിയത്.  കോവിഡ് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ സുരക്ഷയ്ക്ക് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.