കോവിഡ് 19; ഖത്തറില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നു

ഖത്തറില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവ് അനുവദിച്ച് തുടങ്ങും. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഈ മാസം 15 മുതല്‍ നാല് ഘട്ടമായി പിന്‍വലിക്കുമെന്ന് ഖത്തര്‍ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവ് ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാദര്‍ വ്യക്തമാക്കി.

ഘട്ടംഘട്ടമായാവും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക. ആദ്യഘട്ടത്തില്‍ നിയന്ത്രിതമായി പള്ളികള്‍ തുറക്കും. ഷോപ്പിങ് മാളുകള്‍ ഭാഗീകമായി പുനരാരംഭിക്കും. അത്യാവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുമതിയുണ്ടാകും. ജൂലൈ ഒന്നിന് തുടങ്ങുന്ന രണ്ടാംഘട്ടത്തില്‍ 50 ശതമാനം ജീവനക്കാരെ സ്ഥാപനങ്ങളില്‍ അനുവദിക്കും. ബീച്ച്, പാര്‍ക്ക് എന്നിവ നിയന്ത്രിതമായി തുറക്കും. പത്തുപേരുവരെ ഒരുമിച്ചു കൂടാന്‍ അനുമതി നല്‍കും.

ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന മൂന്നാം ഘട്ടത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള ഖത്തര്‍ വീസയുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കും. സെപ്റ്റംബറില്‍ നാലാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ നാലാം ഘട്ടത്തിലാകും അനുവദിക്കുക.