കോവിഡ് 19; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനമായത്.

ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സ്വകാര്യമേഖലയലെ ജീവനക്കാരുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി നീട്ടി. നിലവില്‍ ഇത് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു. താമസകേന്ദ്രങ്ങള്‍ക്കകത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. മൂന്ന് മീറ്റര്‍ സാമൂഹിക അകലം പാലിച്ചേ വിനോദങ്ങളാകാവൂ. എന്നാല്‍ കൂടുതല്‍ പേര്‍ തടിച്ചുകൂടാന്‍ പാടില്ല.

സ്വകാര്യ കാറുകളില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാവൂവെന്ന നിബന്ധന നീക്കി. ഇനി മുതല്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പകുതിയാളുകള്‍ മാത്രമേ യാത്ര ചെയ്യാവൂവെന്ന നിബന്ധന തുടരും.