ഇന്ത്യന്‍ വിമാനകമ്പനികളില്‍ നിക്ഷേപം വേണ്ട; എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങുന്നില്ലെന്ന് ഖത്തര്‍ എയര്‍വെയ്സ്

എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ താത്പര്യമില്ലെന്നു ഖത്തര്‍ എയര്‍വെയ്‌സ് വ്യക്തമക്കി. തങ്ങള്‍ക്കു ഇന്ത്യയുടെയും പാകിസ്താന്റെയും വിമാന കമ്പനികളില്‍ നിക്ഷേപം നടത്താന്‍ താത്പര്യമില്ലെന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചിരിക്കുന്നത്. ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ. അക്ബര്‍ അല്‍ ബേക്കറാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തറിനു നിരവധി വിദേശ വിമാന കമ്പനികളില്‍ നിക്ഷേപമുണ്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടീഷ് എയര്‍വെയ്സ്, തെക്കന്‍ അമേരിക്കയുടെ ലതാം എയര്‍ലൈന്‍ ഗ്രൂപ്പ്, ഏഷ്യയുടെ കാത്യേ പസഫിക്, ഇറ്റലിയുടെ മെരിഡിയാന എന്നിവയില്‍ ഖത്തര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

അടുത്ത മാസം ദോഹയില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ആദ്യത്തെ എയര്‍ബസ് എ 350-1000 ലാന്‍ഡ് ചെയും. വലിയ വിമാനമായ എയര്‍ബസ് എ 350-1000 ഇരട്ട എന്‍ജിനുണ്ട്. ഇതു യാത്രാ വിമാനമായി ഉപയോഗിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ 37 വിമാനങ്ങള്‍ക്കാണ് ഖത്തര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യ വിമാനമാണ് അടുത്ത മാസം ഖത്തറിലെത്തുകയെന്നു സി.ഇ.ഒ. അക്ബര്‍ അല്‍ ബേക്കര്‍ അറിയിച്ചു.