കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുമായി ഖത്തര്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഖത്തര്‍. നിയന്ത്രണങ്ങള്‍ ഈ മാസം 15 മുതല്‍ നാല് ഘട്ടമായി പിന്‍വലിക്കും. ഒന്നാം ഘട്ടത്തില്‍ ഷോപ്പിങ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം അനുവദിച്ചിട്ടുണ്ട്. പള്ളികളും നിയന്ത്രിതമായി തുറക്കും. ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഷോപ്പിങ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു.

ഒന്നാം ഘട്ടത്തില്‍ ഷോപ്പിങ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും വ്യാഴം മുതല്‍ ഞായര്‍ വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിടണം. 30 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തനം പാടുള്ളു. മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കലാ, സാംസ്‌കാരിക, വിനോദ പരിപാടികള്‍ പാടില്ല.

മാളുകളും വാണിജ്യ കേന്ദ്രങ്ങളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍

  • സ്മാര്‍ട് ഫോണിലെ കോവിഡ് 19 അപകട നിര്‍ണയന ആപ്ലിക്കേഷനായ ഇഹ്തെറാസില്‍ ആരോഗ്യനില സൂചിപ്പിക്കുന്ന കളര്‍ ടാഗ് പച്ചയാണെങ്കില്‍ മാത്രമേ ഉപഭോക്താക്കള്‍ പ്രവേശനം അനുവദിക്കാവൂ.
  • മാസ്‌കുകള്‍ ധരിക്കാത്തവര്‍ക്ക് പ്രവേശനം പാടില്ല. ഉപഭോക്താവ് മാളില്‍ ചെലവഴിക്കുന്ന മുഴുവന്‍ സമയവും ഒരേ മാസ്‌ക് തന്നെ ഉപയോഗിക്കണം.
  • 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 തിനും അതിന് മുകളിലും പ്രായമുള്ള മുതിര്‍ന്നവര്‍ക്കും പ്രവേശനമില്ല.
  • എല്ലാ പ്രവേശന കവാടങ്ങളിലും തൊഴിലാളികളുടേയും സന്ദര്‍ശകരുടേയും ശരീര താപനില അളക്കണം. 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയുള്ളവരെ അകത്ത് പ്രവേശിപ്പിക്കരുത്.
  • എല്ലായിടങ്ങളിലും ഹാന്‍ഡ് സാനിട്ടൈസറുകള്‍ ലഭ്യമായിരിക്കണം.
  • ഉപഭോക്താക്കള്‍ എല്ലായ്പ്പോഴും രണ്ടു മീറ്ററില്‍ കുറയാതെ ശാരീരിക അകലം പാലിച്ചിരിക്കണമെന്നതും നിര്‍ബന്ധമാക്കണം.
  • പാര്‍ക്കിങ് ഭാഗികമായി മാത്രമേ (50 ശതമാനം) അനുവദിക്കാവൂ.
  • പ്രവേശന കവാടങ്ങളില്‍ പുകവലി നിരോധിക്കണം. സിഗരറ്റ് മാലിന്യ നിക്ഷേപ പെട്ടികള്‍ എല്ലാം എടുത്തു മാറ്റണം.
  • പ്രവേശനകവാടങ്ങളില്‍ സന്ദര്‍ശകര്‍, ലിമോസിന്‍, ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ കൂട്ടം കൂടാന്‍ അനുവദിക്കരുത്.