
അറബിക്കടലില്‍ രൂപം കൊണ്ട മെകനു ചുഴലിക്കാറ്റ് ഒമാനിലേക്ക്. സലാലയുടെ 200 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ മെകനു വീശുന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കാലാവസ്ഥയിലും മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. സലാല ഉള്‍പ്പെടയുള്ള ഒമാന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സലാല വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ശക്തമായ മഴ കാരണം ഒമാന്റെ വിവിധ മേഖലകളില്‍ വെള്ളക്കെട്ടും അനുഭവപ്പെട്ടു. സദാ, മിര്‍ബാത്ത്, തുംറൈത്ത് എന്നീ പ്രദേശങ്ങളില്‍ മഴയ്ക്കു പുറമെ വലിയ തോതിലുള്ള കാറ്റും അനുഭവപ്പെടുന്നുണ്ട്.
കടലില്‍ നിന്നും ചുഴലിക്കാറ്റ് കാരണം 8 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. നേരത്തെ യെമന്റെ കീഴിലുള്ള സൊക്കോത്ര ദ്വീപില്‍ മെകനു ചുഴലിക്കാറ്റ് കനത്ത നാശമാണ് വിതച്ചത്.