ഒമാനില്‍ നിന്ന് രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍; നാടണയുക 360 പ്രവാസികള്‍

ഒമാനില്‍ നിന്ന് മലയാളി പ്രവാസി സംഘടനകളുടെ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഇന്നു മുതല്‍ തുടങ്ങും. കെ.എം.സി.സിയുടെയും ഐ.സി.എഫിന്റെയും ചാര്‍ട്ടേഡ് വിമാനങ്ങളാണ് ആദ്യം പുറപ്പെടുക. രണ്ട് വിമാനങ്ങളിലുമായി 360 പേരാണ് നാടണയുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വന്ദേ ഭാരത് മിഷന്റെ തുല്യമായ ടിക്കറ്റ് നിരക്കാണ് ഉള്ളതെന്ന് മസ്‌കറ്റ് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ വിമാനം രാവിലെ എട്ടുമണിക്ക് കോഴിക്കോടിന് പുറപ്പെടും. സലാം എയറിന്റെ ഒ.വി 1481ാം നമ്പര്‍ വിമാനത്തില്‍ 180 പേരാണ് നാട്ടിലെത്തുക. ഉച്ചക്ക് ഒരുമണിക്ക് വിമാനം കോഴിക്കോട് എത്തും. 61രോഗികള്‍, 17 കുട്ടികള്‍, 24 ഗര്‍ഭിണികള്‍, വിസ കാലാവധി കഴിഞ്ഞ 24 പേര്‍, ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടില്‍ എത്തേണ്ടവര്‍, തൊഴില്‍ നഷ്ടമായവര്‍, ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ അടങ്ങിയതാണ് യാത്രക്കാര്‍.

ഐ.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് വിമാനവും കോഴിക്കോടിനാണ് പുറപ്പെടുക. രാവിലെ 10.30നാണ് വിമാനം പുറപ്പെടുകയെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയിച്ചു. 11 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 പേര്‍, സന്ദര്‍ശന വിസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, ജോലി നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടെ 180 യാത്രക്കാരാണ് ഉണ്ടാവുക. യാത്രക്കാരില്‍ 15 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്.