
അറബിക്കടലില്‍ രൂപം കൊണ്ട മെകനു ചുഴലിക്കാറ്റ് ഒമാനിലെ സലാല തിരത്തെത്തി. ഇതേ തുടര്‍ന്ന് സലാല ഉള്‍പ്പെടയുള്ള ഒമാന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 17 ഓളം പേരെ വെള്ളപ്പൊക്കത്തില്‍ കാണാതായി. സ്ഥലത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റില്‍ രണ്ട് കപ്പലുകള്‍ മറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സലാല വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നു ശക്തി പ്രാപിക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും ആശങ്കയിലാണുള്ളത്. രാവിലെ മുതല്‍ ആരും വീടിനു പുറത്തിറങ്ങുന്നില്ല. വ്യാഴാഴ്ച രാത്രിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടു. വിദേശികളാണ് ഇത്തരം കെട്ടിടങ്ങളിലെ താമസക്കാരില്‍ ഏറെയും. 167 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വരെയാണു കാറ്റിന്റെ വേഗത.