ആരോഗ്യമേഖലയിലുള്ള പ്രവാസികളെ ഒമാന്‍ പിരിച്ചു വിടുന്നു; നോട്ടീസ് അയച്ചു

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി ഒമാന്‍. സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശിച്ച് ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കിടെയാണ് ആരോഗ്യ മേഖലയിലെ പിരിച്ചുവിടല്‍ നടപടി.

നഴ്‌സ്, അസി.ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ വരെയാണ് തൊഴില്‍ കാലാവധി അനുവദിച്ചിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിദേശികളാണ് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാജ്യത്ത് ജോലി ചെയ്യുന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷവും ആരോഗ്യ മേഖലയില്‍ വലിയ തോതില്‍ വിദേശികളെ പിരിച്ചുവിട്ടിരുന്നു.

ആരോഗ്യ മന്ത്രാലയത്തില്‍ 90 ശതമാനം സ്വദേശിവത്കരണമാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍മാരുടെ ഭാഗത്തില്‍ 72 ശതമാനവും മെഡിക്കല്‍ ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ 39 ശതമാനവും നഴ്സിംഗ് – മെഡിക്കല്‍ ലബോറട്ടറി ജോലികളില്‍ 65 ശതമാനവും വീതമാണ് സ്വദേശിവത്കരണം. ഫാര്‍മസി വിഭാഗത്തില്‍ 94 ശതമാനം സ്വദേശികളെ നിയമിച്ചു. അനുബന്ധ ജോലികളില്‍ 74 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്.