ഒമാനിൽ അപകടത്തിൽ പെട്ടത് ശിശുസംരക്ഷണ കേന്ദ്രത്തിന്റെ ബസ്സെന്ന് പൊലീസ്

ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലുണ്ടായ അപകടത്തിൽ പെട്ടത് സീബ് പ്രവിശ്യയിലെ ചൈൽഡ് വെൽഫെയർ സെന്ററിന്റെ ബസെന്ന് റോയൽ ഒമാൻ പൊലീസ് ക്യാപ്റ്റൻ മുനീർ അൽ സിനാൻ. പ്രാദേശിക മാധ്യമങ്ങളോട് പൊലീസ് ക്യാപ്റ്റൻ മുനീറാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തിൽപ്പെട്ടവരെല്ലാം 15 വയസ്സിൽ താഴെയുള്ളവരായിരുന്നു.

ശനിയാഴ്ച രാവിലെ അൽ ഹംറ വിലായത്തിലെ ജബൽ ശർഖിലായിരുന്നു അപകടമുണ്ടായത്. അഞ്ച് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 19 പേരായിരുന്നു ആകെ ബസിലുണ്ടായിരുന്നത്. ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.

പൊലീസും സിവിൽ ഡിഫൻസും പാരാമെഡിക്കൽ ജീവനക്കാരും ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മസ്കറ്റിലെ ഖൗല ആശുപത്രിയിലും മറ്റുള്ളവരെ നിസ്വ, ബഹല എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടകാരണം അന്വേഷിച്ചുവരുകയാണെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.