പ്രധാനമന്ത്രി ഇന്ന് യു.എ.ഇ.യിൽ

ജര്‍മനിയിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. അന്തരിച്ച യുഎഇ മുന്‍പ്രസിഡന്‍റിന് അനുശോചനം രേഖപ്പെടുത്താനെത്തുന്ന പ്രധാനമന്ത്രി പ്രവാചക നിന്ദയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ്  നയതന്ത്രമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കു വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്നു യുഎഇ വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതിഷേധകുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. പ്രസ്ഥാവന നടത്തിയ ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കിയെങ്കിലും രാജ്യം മാപ്പുപറയണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കുവൈത്തും ഖത്തറും.

ജര്‍മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനന്ത്രി നരേന്ദ്രമോദി നാട്ടിലേക്കുള്ള യാത്രാമാര്‍ഗം ഉച്ചകഴിഞ്ഞാകും യുഎഇയിലെത്തുക. അബുദാബിയിലിറങ്ങുന്ന പ്രധാനമന്ത്രി പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ അഭിനന്ദിക്കും.

2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവില്‍ യു.എ.ഇ.സന്ദര്‍ശിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടതിനുശേഷം ആദ്യമായാണ് അദ്ദേഹം യു.എ.ഇ. സന്ദര്‍ശിക്കുന്നത്.