അബുദാബിയില്‍ മലയാളിയെ വീണ്ടും ഭാഗ്യദേവത കടാക്ഷിച്ചു; ഈ ചമ്പക്കുളത്തുകാരന്‍ ഇനി കോടീശ്വരന്‍

മലയാളിയെ തേടി വീണ്ടും മണലാരണ്യത്തില്‍ ഭാഗ്യദേവത എത്തി. ഒറ്റ ദിവസം കൊണ്ടാണ് ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം മാവേലിക്കുളത്ത് റോജി ജോര്‍ജ് കോടീശ്വരനായത്. അബുദാബി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ 23 കോടി രൂപയുടെ ഭാഗ്യമാണ് റോജിയെ തേടിയെത്തിയത്.

റോജിയും കുടുംബവും 12 വര്‍മായി കുവൈറ്റിലാണ്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കുവൈറ്റ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു വരാനിരിക്കുമ്പോഴാണ് ഭാഗ്യം തുണച്ചത്. അവിടെ ഒരു സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേയ്‌സ് സൂപ്പര്‍വൈസറായി ജോലി നോക്കുകയാണ് റോജി.

കുറച്ചു ദിവസത്തെ ലീവിന് നാട്ടില്‍ പോകുന്ന കുടുംബത്തെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 23-നാണ് റോജി ലോട്ടറി ടിക്കറ്റ് എടുത്തത്. വല്ലപ്പോഴും മാത്രമെ റോജി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നുള്ളു. കോടീശ്വരനായ കാര്യം വിശ്വസിക്കാനാകുന്നില്ലെന്നും സമ്മാനം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി