മെഡിക്കൽ പരിശോധനക്ക് പുതിയ രീതി നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്; തൊഴിൽ പെർമിറ്റ് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നടപടി

കുവെെറ്റിൽ മെഡിക്കൽ പരിശോധനയ്ക്ക് പുതിയ രീതി നടപ്പാക്കാൻ ആലോചന. മെഡിക്കൽ ടെസ്റ്റിങ് സെന്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന്റെയും, തൊഴിൽ പെർമിറ്റ് നടപടിക്രമം വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ രീതി നടപ്പാക്കാൻ മന്ത്രാലയം അലോചിക്കുന്നത്. കുവൈറ്റിലെത്തിയാലുള്ള പരിശോധന ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് അധികൃതരുടെ പരിഗണയിലുള്ളത്.

രാജ്യത്തെത്തുന്ന തൊഴിലാളികൾ സ്വന്തം നാട്ടിലെ അംഗീകൃത മെഡിക്കൽ സെന്ററുകളിൽ നടത്തുന്ന പരിശോധന കൂടുതൽ കർശനമാക്കിയിട്ടുമുണ്ട്. നിലവിൽ കുവൈറ്റിലേയ്ക്ക് തൊഴിൽ വിസയിൽ വരുന്നവർ സ്വന്തം നാട്ടിൽ അംഗീകൃത കേന്ദ്രങ്ങളിൽ നടത്തുന്ന പരിശോധനക്ക് പുറമെ കുവൈറ്റിലെത്തിയാലും മെഡിക്കൽ ടെസ്റ്റ് നടത്തി ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്.

ഇതിനായുള്ള ശുവൈഖിലെ കേന്ദ്രത്തിൽ അടുത്തിടെയായി അനുഭവപ്പെടുന്ന തിരക്ക് ഏറെ ചർച്ചയായി മാറിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം മിശ്രിഫ് ഫെയർ ഹാളിൽ പരിശോധനാ കേന്ദ്രത്തിന്റെ എക്സ്റ്റൻഷൻ ആരംഭിച്ചിരുന്നു. എന്നിട്ടും തിരക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് അധികൃതർ പുതിയ വഴികൾ ആലോചിക്കുന്നത്.

സ്ഥിരം പരിഹാരം എന്ന നിലയിൽ നാട്ടിലെ അംഗീകൃത കേന്ദ്രങ്ങളിലെ പരിശോധന കൂടുതൽ കർശനമാക്കി കുവൈറ്റിലെത്തിയാലുള്ള പരിശോധന ഒഴിവാക്കുന്നതാണ് പരിഗണയിലുള്ള നിർദേശങ്ങളിൽ ഒന്ന്. പുതുതായി എത്തുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മാൻപവർ അതോറിറ്റിയും നീക്കമാരംഭിച്ചിട്ടുണ്ട്.

തൊഴിലാളി കുവൈത്തിലെത്തി 10 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റ് ലഭ്യമാക്കാനാണ് നീക്കം. നിലവിൽ മൂന്നു മാസം വരെ ഇതിനു സമയമെടുക്കുന്നുണ്ട്. തൊഴിലാളികളുടെ വൈദ്യപരിശോധന സ്വന്തം നാട്ടിൽവെച്ച് നടത്തുകയും തുടർനടപടികൾ കുവൈത്തിലെത്തിയ ശേഷം പെട്ടെന്ന് തന്നെ പൂർത്തിയാക്കുകയും ചെയ്യുന്ന രീതിയാണ് ആലോചിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ ദമാനുമായി ചേർന്നായിരിക്കും ഇത് നടപ്പാക്കുക.