'അനധികൃത അറവുശാലകള്‍ക്ക് 700 ദിനാര്‍ വരെ പിഴ'; മുന്നറിയിപ്പുമായി കുവൈറ്റ് മന്ത്രലയം

ബലിപെരുന്നാളിനോടനുബന്ധിച്ച് അനധികൃതമായി അറവ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് മന്ത്രലയം. റോഡരികിലും താല്‍ക്കാലികമായി സജ്ജീകരിക്കുന്ന ഷെഡുകളിലും ബലിമൃഗങ്ങളെ അറുക്കുന്നത് നിയമവിരുദ്ധമാണെന്നും, അനധികൃതമായി അറവുനടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും വന്‍തുക പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റിയും ആഭ്യന്തരമന്ത്രാലയവും അറിയിച്ചു.

അനധികൃത അറവു ശാലകള്‍ പിടികൂടിയാല്‍ ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുമെന്നും 700 ദിനാര്‍ വരെ പിഴ ചുമത്തും. കൃത്യമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ അറവിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് കര്‍ശനമായ നടപടിക്ക് കാരണമെന്ന്കുവൈറ്റ് മുനിസിപ്പാലിറ്റി ആക്ടിങ് ഡയരക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ നാദിയ അല്‍ ശറൈദ പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലറില്‍ വ്യക്തമാക്കി.

പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്റെ അനുമതിയോടെ മാത്രമേ അറവു ശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. അഗീകൃത സ്ലോട്ടര്‍ ഹൗസുകളിലെ അഴുക്കും മാലിന്യവും പെരുന്നാളിന് മുന്നോടിയായി നീക്കം ചെയ്യാനും അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റസ്റ്റോറന്റുകളിലും സെന്‍ട്രല്‍ കിച്ചനുകളിലും പെരുന്നാളിന് മുന്‍പും ഈദ് അവധികളിലും ഫീല്‍ഡ് പരിശോധന നടത്തുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.