കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സമ്മതിച്ച് സൗദി

Gambinos Ad

ഇസ്താംബൂളിലെ  സൗദി അറേബ്യ കോണ്‍സുലേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സര്‍ക്കാര്‍ സമ്മതിച്ചു. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു ഖഷോഗിയുടെ മരണമെന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം വെള്ളിയാഴ്ച രാത്രി സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രസ്താവനയിലാണ് വെളിപ്പെടുത്തിയത്.

Gambinos Ad

ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് 18 സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, ജനറല്‍ ഇന്റലിജന്‍സ് തലപ്പത്ത് നിന്ന് കേണല്‍ അഹമദ് അല്‍അസീരിയെയും റോയല്‍ കോര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് സൗദ് അല്‍ഖഹ്താനിയെയും പുറത്താക്കി ഉത്തരവും വന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ അദ്ധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുമെന്നും സൗദി വ്യക്തമാക്കി.

യു.എസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സൗദി റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ ഖഷോഗിയെ ഈ മാസം രണ്ടാം തീയതി മുതലാണ് കാണാതായത്. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരിലൊരാളായിരുന്നു ജമാല്‍ ഖഷോഗി. ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീട് കാണാതാകുകയായിരുന്നു. ഖഷോഗിയെ കാണാതായതില്‍ പങ്കില്ലെന്നായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്.