മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സി.എന്‍.എന്‍; കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ വാട്ട്സ്ആപ്പ് സന്ദേശം പുറത്ത് വിട്ടു

Gambinos Ad

സൗദി കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വാട്‌സ് ആപ്പ് മെസേജുകള്‍ പുറത്ത് വിട്ട് അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍. സൗദി കിരീടവകാശിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായി സൂചന ലഭിക്കുന്ന മെസേജുകളാണ് ഖഷോഗി സുഹൃത്തിന് അയച്ചിരിക്കുന്നത്. ഖഷോഗി 400ലധികം മെസേജുകളാണ് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ സഹപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഒമര്‍ അബ്ദുല്‍ അസീസിന് ഈ വര്‍ഷം അയച്ചിരിക്കുന്നത്.

Gambinos Ad

മുഹമ്മദ് ബിന്‍ സല്‍മാനെ ക്രൂരജന്തു എന്നാണ് ഖഷോഗി മെസേജില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്നവരെ നിഷ്‌ക്കരുണം ഇല്ലാതാക്കുന്ന ഭരണാധികാരിയാണ് മുഹമ്മദ് ബിന്‍ സല്‍മാനെന്നും പറയുന്നു. ഖഷോഗി അയച്ച ശബ്ദരേഖ, വീഡിയോ, ഫോട്ടോ, ഉള്‍പ്പെടെയുള്ള മെസേജുകളാണ് അബ്ദുള്‍ അസീസ് സിഎന്‍എന്നിന് കൈമാറിയത്.

 

‘മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ഇരകളെയെല്ലാം നിഷ്‌ക്കരുണം നശിപ്പിക്കുന്നു. അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മേയില്‍ ഖഷോഗി സുഹൃത്തിന് അയച്ച് മെസേജിലെ ഒരു പ്രധാന ഭാഗമാണിത്. സല്‍മാന്റെ ദുഷ്പ്രവൃത്തികള്‍ ചോദ്യം ചെയ്യുന്നതിനായി ഇരുവര്‍ക്കും ‘ഓണ്‍ലൈന്‍ യൂത്ത് മൂവ്മെന്റ്’ തുടങ്ങാനുള്ള പദ്ധതി ഉണ്ടായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാനാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.

ഖഷോഗിയെ സൗദി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. ഓഗസ്റ്റില്‍ അസീസിന് അയച്ച മെസേജില്‍ ഖഷോഗി പറഞ്ഞത് തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ സൗദി ചോര്‍ത്തുന്നതായി  സംശയിക്കുന്നുണ്ടെന്നായിരുന്നു. തന്റെ വഴിയില്‍ തടസ്സം നില്‍ക്കുന്നവരെ നിഷ്ക്കരുണം കൊന്നൊടുക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ അറിയാവുന്നത് കൊണ്ടു തന്നെ ഖഷോഗി അസീസിന്  ‘ദൈവം നമ്മളെ രക്ഷിക്കട്ടെ’ എന്ന മെസേജായിരുന്നു  അയച്ചിരുന്ന തെന്ന് അസീസ് സിഎന്‍എന്നിനോട് വ്യക്തമാക്കി. ആ മെസേജ് വന്ന് രണ്ട് മാസം കഴിഞ്ഞാണ് ഖഷോഗി കൊല്ലപ്പെടുന്നത്.

തന്റെ ഫോണ്‍ ഒരു ഇസ്രയേല്‍ കമ്പനി ഹാക്ക് ചെയ്തതായി അബ്ദുല്‍ അസീസ് പറഞ്ഞു. ഞായറാഴ്ച കമ്പനിക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതും ഖഷോഗിയുടെ മരണവും തമ്മില്‍ പരസ്പര ബന്ധമുണ്ട്. ഇത് നേരത്തെ പറയാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും കുറ്റബോധം തന്നെ കൊല്ലുകയാണെന്നും അബ്ദുള്‍ അസീസ് പറഞ്ഞു.