മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറ്റം; കർശന നടപടിയുമായി സൗദി അറേബ്യ

മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി സൗദി അറേബ്യ. രാജ്യത്തെ ഓരോ വ്യക്തിയുടെയും സ്വകാര്യ ജീവിതം നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നും  മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്ന് കയറ്റം കുറ്റകരമാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.

പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങൾ  പുറത്ത് വിട്ടത്. മൊബൈൽ ക്യാമറ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ട് ഈ അവകാശത്തെ ലംഘിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ നിയമലംഘനമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ഇത്തരം പ്രവൃത്തികൾ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കാവുന്ന കുറ്റകൃത്യമാണെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവും, അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വിശദമാക്കി.