ഗള്‍ഫില്‍ 6700 പുതിയ കോവിഡ് രോഗികള്‍; മരണസംഖ്യ 840

ഗള്‍ഫില്‍ 6700 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി എഴുപത്തി ആറായിരം കടന്നു. 32 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 840 ല്‍ എത്തി. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയാണ് മുന്നില്‍. ഇന്നലെ മാത്രം 15 പേരാണ് മരിച്ചത്.

അതേസമയം, സൗദിയില്‍ രോഗമുക്തരുടെ എണ്ണം 41,236 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,161 ആയെങ്കിലും 28,546 പേരേ ചികിത്സയിലുള്ളൂ. 379 പേരാണ് ശനിയാഴ്ച വരെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരില്‍ 339 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച 2442 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിക്കുകയും 2233 പേര്‍ സുഖംപ്രാപിക്കുകയും ചെയ്തു.

കുവൈറ്റില്‍ 10 പേര്‍ മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 148 ആയി. യു.എ.ഇയില്‍ മൂന്നും ഖത്തറില്‍ രണ്ടും ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഓരോ രോഗികള്‍ വീതവും കോവിഡ് ബാധിച്ച് മരിച്ചു. യു.എ.ഇയിലും സൗദിയിലുമായി മൂന്ന് മലയാളികള്‍ കൂടി മരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 114 ആയി.