അമ്മയോടുള്ള സ്‌നേഹത്തിന് മുമ്പില്‍ സൗദി അധികൃതരുടെ മനസ്സലിഞ്ഞു; രാജ്യത്ത് അനധികൃതമായി താമസിച്ച മലയാളിക്ക് പിഴ ഒഴിവാക്കി നല്‍കി

Gambinos Ad
ript>

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി താമസിച്ച മലയാളിക്ക് പിഴയില്‍ ഇളവനുവദിച്ച് സൗദി ഭരണകൂടം. രോഗിയായ അമ്മയെ പരിചരിക്കാന്‍ ഒപ്പം നിര്‍ത്തിയ മലയാളിയോടാണ് സൗദി അധികൃതര്‍ കരുണ കാട്ടിയത്. വിസ കാലാവധി കഴിഞ്ഞിട്ടും വൃദ്ധയും രോഗിയുമായ അമ്മയെയും കൂട്ടി നാട്ടിലേക്ക് മടങ്ങാന്‍ കോഴിക്കോട് സ്വദേശിയായ വേങ്ങേരി കളത്തില്‍ വീട്ടില്‍ സന്തോഷിന് കഴിഞ്ഞില്ല. അനധികൃതമായി താമസിച്ചെങ്കിലും അമ്മയെ പരിചരിക്കാനാണെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ പിഴ അടയ്ക്കുന്നതില്‍ നിന്ന് സന്തോഷിനെ ഒഴിവാക്കുകയായിരുന്നു.

Gambinos Ad

സൗദിയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സന്തോഷ് അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ടുപോയ അമ്മ ചന്ദ്രവല്ലിയെ പത്ത് വര്‍ഷം മുന്‍പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. വിസിറ്റിംഗ് വിസയില്‍ അമ്മ വന്നു പോവുകയായിരുന്നു പതിവ്. അമ്മയെ പരിചരിക്കാന്‍ 53 വയസ് വരെ സന്തോഷ് വിവാഹം കഴിച്ചിട്ടില്ലായിരുന്നു. അതിനാല്‍ സന്തോഷ് ജോലിക്ക് പോകുന്നതിന് മുമ്പ് അമ്മയ്ക്ക് വേണ്ടതെല്ലാം ഒരുക്കി വെയ്ക്കും. ഒരിത്തിരി സമയം കിട്ടുമ്പോള്‍ പോലും അമ്മയെ പരിചരിയ്ക്കാന്‍ ഓടിയെത്തുമായിരുന്നു.

മൂന്നുവര്‍ഷം മുമ്പാണ് അമ്മയ്ക്ക് അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചത്. ഇതിനാല്‍ വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും അമ്മയ്ക്ക് നാട്ടിലേക്ക് പോകാന്‍ കഴിയാതായി. ഇതോടെയാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നതിന് 15,000 റിയാല്‍ പിഴയടക്കേണ്ട സാഹചര്യമുണ്ടായത്. ജോലി ചെയ്തിരുന്ന കമ്പനിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയതോടെ എക്‌സിറ്റ് വാങ്ങി നാട്ടിലേക്ക് മടങ്ങാന്‍ സന്തോഷ് തീരുമാനിച്ചെങ്കിലും അമ്മയുടെ അനധികൃത താമസത്തിന് ഇത്രയും വലിയ തുകയടയ്‌ക്കേണ്ടി വന്നതോടെ പ്രതിസന്ധിയിലായി. പിന്നീട് നാട്ടുകാരോട് ഇക്കാര്യം സംസാരിക്കുകയും സാമൂഹിക പ്രവര്‍ത്തകനായ ഷാജി വയനാടിന്റെ സഹായത്തോടെ അധികൃതര്‍ക്ക് ഇക്കാര്യം വ്യക്തമാക്കി അപേക്ഷ നല്‍കുകയുമായിരുന്നു. തുടര്‍ന്ന് വൃദ്ധയായ അമ്മയോടുള്ള സ്‌നേഹത്തിന് മുമ്പില്‍ സൗദി അധികൃതരുടെ മനസ്സലിയുകയും ചെയ്തു. ഗള്‍ഫ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.