സൗദി രാജകുമാരനായി വേഷം കെട്ടി 30 വര്‍ഷം തട്ടിപ്പ്; 48കാരന് 18 വര്‍ഷം തടവ് ശിക്ഷ

സൗദി രാജകുമാരന്റെ വേഷത്തില്‍ മുപ്പത് വര്‍ഷത്തോളം ഫ്‌ളോറിഡയില്‍ തട്ടിപ്പ് നടത്തി താമസിച്ച 48കാരന് 18 വര്‍ഷം ജയില്‍ ശിക്ഷ. ആഢംബര ജീവിതം നയിക്കുകയായിരുന്ന ആന്റണി ഗിഗ്നക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഖാലിദ് ബിന്‍ അല്‍ സഊദ് എന്ന പേരില്‍ മിയാമിയില്‍ ഫിഷര്‍ ദ്വീപിലായിരുന്നു ഇയാളുടെ താമസം.

നയതന്ത്ര സംരക്ഷണം ലഭിക്കുന്ന നമ്പര്‍ പ്ലേറ്റുള്ള ആത്യഢംബര കാറായിരുന്നു യാത്രക്കായി ഇയാള്‍ ഉപയോഗിച്ചിരുന്നത്. മാത്രമല്ല വ്യാജ നയതന്ത്ര രേഖകളും മറ്റും കൈവശമുണ്ടായിരുന്നു. എണ്‍പത് ലക്ഷം ഡോളറിന്റെ നിക്ഷേപ തട്ടിപ്പാണ് ഇയാള്‍ വ്യാജ പേരില്‍ നടത്തിയത്.24 മണിക്കൂറും അംഗരക്ഷകരുടെ സംരക്ഷണവുമുണ്ടായിരുന്ന ആന്റണിയെ സുല്‍ത്താന്‍ എന്നായിരുന്നു നിക്ഷേപകര്‍ വിളിച്ചിരുന്നത്.

ആന്റണി ഗിഗ്‌നക്ക് കൊളംബിയയിലാണ് ജനിച്ചത്. ഏഴാം വയസിലാണ് അമേരിക്കയിലെ മിഷിഗണിലുള്ള ഒരു കുടുംബം ആന്റണിയെ ദത്തെടുത്തു. 17-ാം വയസിലാണ് ആള്‍മാറാട്ടം നടത്തി തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിസിനിസ് ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്.