കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മൂന്ന് മലയാളികള്‍ മരിച്ചു. അബുദാബിയില്‍ രണ്ടു പേരും കുവൈത്തില്‍ ഒരാളുമാണ് മരിച്ചത്. തൃശൂര്‍ സ്വദേി ഫിറോസ് ഖാന്‍, കണ്ണൂര്‍ സ്വദേശി അനില്‍ കുമാര്‍ എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. മലപ്പുറം സ്വദേശി ബദറുല്‍ മുനീര്‍ കുവൈത്തിലും മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 114 ആയി.

ഗള്‍ഫില്‍ 6700 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി എഴുപത്തി ആറായിരം കടന്നു. 32 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 840 ല്‍ എത്തി. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയാണ് മുന്നില്‍. ഇന്നലെ മാത്രം 15 പേരാണ് മരിച്ചത്.

അതേസമയം, സൗദിയില്‍ രോഗമുക്തരുടെ എണ്ണം 41,236 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,161 ആയെങ്കിലും 28,546 പേരേ ചികിത്സയിലുള്ളൂ. 379 പേരാണ് ശനിയാഴ്ച വരെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരില്‍ 339 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച 2442 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിക്കുകയും 2233 പേര്‍ സുഖംപ്രാപിക്കുകയും ചെയ്തു.