ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന; സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രവാസി ലോകത്ത് പ്രതിഷേധം. വന്ദേ ഭാരത് മിഷന്‍ വഴി എത്തുന്നവര്‍ക്ക് റാപിഡ് ടെസ്റ്റ് മതിയെന്നും ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവര്‍ക്ക് കോവിഡില്ല എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നും സര്‍ക്കാര്‍ പറയുന്നത് വിവേചനമാണെന്ന അഭിപ്രായമാണ് ഉയരുന്നത്.

രോഗലക്ഷണമില്ലാത്തവര്‍ക്ക് കോവിഡ് പരിശോധന പല വിദേശരാജ്യങ്ങളിലും സൗജന്യമല്ല. അതിനാല്‍, കൂടിയ തുക നല്‍കി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്ന പ്രവാസികള്‍ക്ക് അതിനൊപ്പം കോവിഡ് പരിശോധനക്കുള്ള ചെലവു കൂടി വഹിക്കേണ്ടി വരുന്നത് അമിതഭാരമാകും. 5000 രൂപക്ക് മുകളിലാണ് കോവിഡ് പരിശോധനക്ക് ചെലവാകുക.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്റി ബോഡി ടെസ്റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടെസ്റ്റ് ചെയ്യേണ്ടത്. ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ല.