ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ മൂന്നു ലക്ഷം കടന്നു; സൗദിയുടെ അവസ്ഥയില്‍ ആശങ്ക

ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. സൗദിയില്‍ കോവിഡ് മരണങ്ങളും രോഗബാധിതരുടെ എണ്ണവും ഉയരുന്നതാണ് ഏറെ ആശങ്ക. ഗള്‍ഫില്‍ ആകെ മരിച്ച 1614 പേരില്‍ 857 പേരും സൗദിയിലാണ്. 1738 പേരാണ് രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

തുടര്‍ച്ചയായ ആറാം ദിവസവും സൗദിയില്‍ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലധികമാണ്. ഇന്നലെ 3733 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. 38 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. അതേസമയം യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് കുറയുകയും രോഗമുക്തി കൂടുന്നതും ആശ്വാസവാര്‍ത്തയാണ്.

കുവൈറ്റില്‍ 609 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 849 പേര്‍ രോഗമുക്തരായി. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 34432 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 24137 ഉം ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 106 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9636 ആയി. ഇന്നലെ 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 279 ആയി.