കുട്ടികളുടെ പ്രായത്തിന് ചേർന്ന യൂണിഫോമല്ല; കിന്‍ഡര്‍ ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌കരിച്ച് യുഎഇ

കിന്‍ഡര്‍ ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌കരിച്ച് യുഎഇ.  യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ യൂണിഫോമുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് സ്‌കൂളുകളില്‍ യൂണിഫോമിൽ മാറ്റം വരുത്തിയത്.

എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സാണ് പരിഷ്‌കരിച്ച യൂണിഫോം പുറത്തിറക്കിയത്. ഒരാഴ്ച്ച മുന്‍പ് പുറത്തിറക്കിയ യൂണിഫോം കുട്ടികളുടെ പ്രായത്തിന് ചേര്‍ന്നതല്ല എന്ന മതാപിതാക്കളുടെ വിമര്‍ശനത്തെ തുടർന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് സുഖപ്രദമാകുന്ന രീതിയില്‍ യൂണിഫോം പരിഷ്‌കരിച്ചത്.

ആണ്‍കുട്ടികള്‍ക്ക് ടൈ ഉള്‍പ്പെടെയുള്ള യൂണിഫോമായിരുന്നു ആദ്യം പുറത്തിറക്കിയത്. പിന്നീട് ടൈ ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടും വെള്ള ടി-ഷര്‍ട്ടുമായിരുന്നു തീരുമാനിച്ചിരുന്നത്. പാന്റും വെള്ള ഷര്‍ട്ടുമാണ് പരിഷ്‌കരിച്ച വേഷം. ഷര്‍ട്ടിന് 29 ദിര്‍ഹവും പാന്റിന് 32 ദിര്‍ഹവുമാണ് വില.

ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസിലെ ആണ്‍കുട്ടികള്‍ക്ക് വെള്ള ഷര്‍ട്ടും നീല പാന്റുമാണ് വേഷം. വെള്ളയും നീലയുമടങ്ങിയ ടീ ഷര്‍ട്ടും ഷോര്‍ട്‌സും സ്‌പോര്‍ട്‌സ് യൂണിഫോമായി ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 38 ഔട്ട്‌ലറ്റുകള്‍ വഴി രക്ഷിതാക്കള്‍ക്ക് യൂണിഫോം വാങ്ങാം.