Thursday, 13 August 2026
‘Honest storytelling is a powerful means of change
09:03:49 AM IST
Kerala

എസ്‌ഐആറിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര ഉയരാതെ കേരളത്തിലെ പോളിംഗ് ശതമാനം; നഗര വോട്ടുകളില്‍ വന്‍കുറവ്; അസമിലും പുതുച്ചേരിയിലും റെക്കോര്‍ഡ് പോളിംഗ്

ന്യൂസ് ഡെസ്ക് 10 April 2026, 10:49 am
SHARE

വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിനുശേഷമുള്ള (എസ്.ഐ.ആര്‍.) ആദ്യതിരഞ്ഞെടുപ്പെന്ന നിലയില്‍ പോളിങ് ശതമാനം 85 കടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതീക്ഷിച്ചെങ്കിലും കേരളത്തില്‍ പോളിംഗ് ശതമാനം അത്ര കണ്ടുയര്‍ന്നില്ല. 2021-നെ അപേക്ഷിച്ച് രണ്ടുശതമാനത്തിലധികം മാത്രമാണ് വര്‍ധന. ഉച്ചവരെയുള്ള പോളിംഗ് കണ്ടു പോളിങ് ശതമാനം 90-ല്‍ എത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 78.27 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

വോട്ടിങ് നില ഉയര്‍ന്നതിന് പലഘടകങ്ങളില്‍ ഒന്നുമാത്രമായാണ് എസ്.ഐ.ആറിനെ തിരഞ്ഞെടുപ്പുവിശകലന വിദഗ്ധര്‍ കാണുന്നത്. ചില മണ്ഡലങ്ങളിലെ കനത്ത മത്സരം വോട്ടിങ് ശതമാനമുയരാന്‍ കാരണമായിട്ടുണ്ട്. 2021-നെ അപേക്ഷിച്ച് വര്‍ധനയുണ്ടായത് ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ ഒഴുക്കുണ്ടായിട്ടുണ്ടെന്ന സൂചന നല്‍കുന്നതായും വിശകലനം ചെയ്യപ്പെടുന്നു.

കേരളത്തിലെ എസ്‌ഐആറിന് ശേഷം പ്രതീക്ഷിച്ച വര്‍ധനവ് പോളിംഗ് ശതമാനത്തില്‍ ഉണ്ടായില്ലെങ്കിലും ഒപ്പം തിരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ്. അസമില്‍ 85.91 ശതമാനവും പുതുച്ചേരിയില്‍ 89.87 ശതമാനവും ആണ് രേഖപ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന അസമില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എസ്.ഐ.ആറിലൂടെ പട്ടികയില്‍നിന്ന് മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാത്തവരെയുമൊക്കെ ഒഴിവാക്കിയുള്ള ശുദ്ധീകരണമാണ് കേരളത്തിലടക്കം നടന്നത്. അന്തിമപട്ടികയില്‍ പുതിയ വോട്ടര്‍മാര്‍കൂടി എത്തിയതോടെ 2021-നെ അപേക്ഷിച്ച് 3.06 ലക്ഷം വോട്ടര്‍മാരുടെ കുറവാണ് ഇക്കുറി ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ ഒഴുകിയെത്തിയതും ആദ്യമണിക്കൂറുകളില്‍ വോട്ടിങ് നില കുതിച്ചുയര്‍ന്നുകൊണ്ടിരുന്നതും തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, മിക്ക ജില്ലകളിലും ഉച്ചയ്ക്കുശേഷമുള്ള ഒഴുക്ക് സാധാരണ നിലയിലായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്.ഐ.ആറിന് ശേഷം നഗരവോട്ടുകളില്‍ വലിയ കുറവുണ്ടായെന്നത് വ്യക്തമാണ്. എസ്.ഐ.ആര്‍. വന്നശേഷം ഒഴിവാക്കപ്പെട്ട വോട്ടുകള്‍ ചേര്‍ക്കാന്‍ ഗ്രാമങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍തന്നെ മുന്‍കൈയെടുത്തപ്പോള്‍ നഗരങ്ങളില്‍ പാര്‍ട്ടികള്‍ അതിനായി ശ്രദ്ധിച്ചില്ല. നഗരങ്ങളില്‍ പലരും വോട്ടില്ലെന്ന് തിരിച്ചറിഞ്ഞതുപോലും വോട്ടര്‍സ്ലിപ്പ് കിട്ടാതായപ്പോഴാണെന്നതാണ് വസ്തുത. എസ്.ഐ.ആറിന് ശേഷം വോട്ടുകളില്‍ വലിയ കുറവുവന്നത് എറണാകുളത്താണെന്നതും ഇതിന് സാധുത നല്‍കുന്നു.

2021 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 30,800 വോട്ടുകള്‍ ഇക്കുറി എറണാകുളത്ത് കുറവുവന്നിട്ടുണ്ട്. നഗരങ്ങളിലാണ് ഒഴിവാക്കപ്പെട്ട വോട്ടുകള്‍ കൂടുതലായും വീണ്ടും ചേര്‍ക്കപ്പെടാതിരുന്നത്. തൃക്കാക്കരയില്‍ 25,775 വോട്ടും തൃപ്പൂണിത്തുറയില്‍ 24,461 വോട്ടും കൊച്ചിയില്‍ 14,840 വോട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവാണ്. 708 പേര്‍ മാത്രം ഒഴിവായിപ്പോയ പെരുമ്പാവൂരിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവ് വോട്ടുവ്യത്യാസമുള്ളത്.

s
ന്യൂസ് ഡെസ്ക്
View all posts →