Wednesday, 19 August 2026
‘Honest storytelling is a powerful means of change
10:42:56 AM IST
Kerala

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ

SHARE

ഇടുക്കിയിൽ വേദനസംഹാരികൾ മാരക ലഹരിയാക്കി ഉപയോഗിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കാൻസർ ബാധിതർക്ക് നൽകുന്ന തീവ്ര വേദനസംഹാരി ഗുളികകൾ കുത്തിവെച്ചാണ് ഇവർ ഉപയോഗിച്ചത്. ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ നെടുങ്കണ്ടം പുതുകിൽ പ്രാഞ്ചി എന്ന ഫ്രാൻസിസ്, ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജെസ്മിൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ രാത്രി നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഫ്രാൻസിസും അൻസലും നിൽക്കുന്നത് കണ്ട് പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇവർ കൈവശം വെച്ചിരുന്ന കവറിൽ നിന്ന് ടാബ്ലറ്റുകളും സിറിഞ്ചുകളും അടങ്ങിയ പാക്കറ്റുകളും, പപ്പായ തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

കീമോതെറാപ്പിക്ക് ശേഷം കാൻസർ രോഗികൾക്ക് വേദന കുറയ്ക്കാൻ നൽകുന്ന ഗുളികകൾ വിവിധ രീതികളിൽ വെള്ളത്തിൽ ലയിപ്പിച്ച ശേഷം വേദന കുറഞ്ഞ ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകൾ ഉപയോഗിച്ച് ശരീരത്തിലേക്ക് കുത്തിവെക്കുകയാണ് ഇവർ ചെയ്തത്. ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് കുപ്പിയിൽ കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച് കഞ്ചാവ് പുകച്ച് വലിക്കുന്ന പ്രത്യേക രീതിയും ഇവർ ഉപയോഗിച്ചിരുന്നു. വേദനസംഹാരി കുത്തിവെച്ച ശേഷം ഈ രീതിയിൽ കഞ്ചാവ് ഉപയോഗിച്ചാൽ രണ്ടു ദിവസത്തോളം കടുത്ത ലഹരി ലഭിക്കുമെന്നാണ് യുവാക്കൾ പൊലീസിനോട് സമ്മതിച്ചത്.

കട്ടപ്പനയിലുള്ള ‘ക്യാപ്സ്യൂൾ’ എന്ന മെഡിക്കൽ സ്റ്റോറിൽ നിന്നാണ് ഇവർ ഈ ഗുളികകൾ വാങ്ങിയത്. ദിവാകർ എന്നയാളാണ് 22,000 രൂപ നൽകി ഈ ഗുളികകൾ വാങ്ങാൻ തങ്ങളെ പറഞ്ഞയച്ചതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. ഇതോടെ ദിവാകറിനായും ഗുളികകൾ കുറിപ്പടിയില്ലാതെ നൽകിയ മെഡിക്കൽ സ്റ്റോറിനെതിരെയും പോലീസ് അന്വേഷണം ഊർമ്മിതമാക്കി.

സംഭവസ്ഥലത്തിന് അടുത്തുള്ള പ്രദേശത്തുനിന്നാണ് കഞ്ചാവ് കൈവശം വെച്ച് ഉപയോഗിച്ചതിന് മഞ്ഞപ്പാറ മന്നിക്കൽ ജസ്മിനെ പൊലീസ് പിടികൂടിയത്. ഇയാൾക്കും ഈ വേദനസംഹാരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മേഖലയിൽ കൂടുതൽ യുവാക്കൾ ഈ മാരക ലഹരി ഉപയോഗ ശൃംഖലയുടെ ഭാഗമായിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് നെടുങ്കണ്ടം പൊലീസ് സബ് ഇൻസ്‌പെക്ടർ ലിജോ പി. മണിയുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →