ചൈനയില്‍ 'ശുചിമുറി' വിപ്ലവം ; 2018-20 നുള്ളില്‍ 64,000 ശുചിമുറികള്‍ നിര്‍മ്മിക്കുമെന്ന് ഷി ജിന്‍പിങ്

ചൈനയില്‍ ശുചിമുറി വിപ്ലവത്തിന് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ആഹ്വാനം. 2018-20 കാലയളവിനുള്ളില്‍ 64,000 പുതിയ ശുചിമുറികള്‍ നിര്‍മിക്കുമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. രാജ്യത്തെ ശുചിമുറി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തിയ ശേഷമാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം.

2015ലാണ് ചൈനയില്‍ ശുചിമുറി വിപ്ലവത്തിന്  തുടക്കം കുറിച്ചത്. 68,000 ശുചിമുറികളാണ് ഇത് വരെ നിര്‍മിക്കപ്പെട്ടത്. രാജ്യത്തെ വിനോദ സഞ്ചാരമേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് ശുചിമുറികള്‍ക്ക് വലിയ പങ്കുണെന്നാണ് ഷി ജിന്‍പിങിന്റെ പക്ഷം. വൃത്തിയുള്ള ശുചിമുറികള്‍ ആളുകളുടെ ജീവിത നിലപാടുകള്‍ ഉയര്‍ത്തുമെന്നതിനാല്‍ ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും അവ പണിയണമെന്നും ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.

2016ല്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. 59 ലക്ഷം വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ചത്. മികച്ച ശുചിമുറികള്‍ നിര്‍മിക്കുന്നതിലൂടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചെെനീസ് ഭരണകൂടം.