മോദി സര്‍ക്കാരിന്റെ കീഴിലുള്ള ആണവായുധ ശേഖരത്തെ കുറിച്ച് ലോകം ആശങ്കപ്പെടേണ്ടതുണ്ട്: ഇമ്രാന്‍ ഖാന്‍

ഇന്ത്യ ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ കീഴിലുള്ള ആണവായുധ ശേഖരത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ലോകം ആശങ്കപ്പെടേണ്ടതുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.  ആണവായുധം ആദ്യം ഉയോഗിക്കില്ലെന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റം വരുത്തിയേക്കാമെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇമ്രാന്‍ഖാന്റെ പരാമര്‍ശം വന്നിരിക്കുന്നത്.

“ഫാസിസ്റ്റും, വംശീയ വിരോധിയും ഹിന്ദുത്വ മേധാവിയുമായ മോദിയുടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആണവായുധ ശേഖരത്തെ കുറിച്ച് ലോകം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇതൊരു പ്രദേശത്തെ മാത്രമല്ല ലോകം മുഴുവനും ബാധിക്കുന്ന വിഷയമാണ്” ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

അസമിലെ എന്‍.ആര്‍.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ട് നാല് ദശലക്ഷം മുസ്ലിങ്ങള്‍ തടങ്കലിലാണെന്നും അവരുടെ പൗരത്വം റദ്ദാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

ആണവ ഉപയോഗ നയത്തില്‍ മാറ്റം വരുത്തിയേക്കാമെന്ന് ഇന്ത്യയുടെ നിലപാട് പാകിസ്ഥാനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ആണവായുധ ഉപയോഗത്തില്‍ ഇന്ത്യയുടേത് പോലെ സമാനമായ നിലപാടാണ് പാകിസ്ഥാനും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ പാകിസ്ഥാന്‍ ആണവായുധ ഉപയോഗ നയത്തില്‍ ഇന്ത്യയെടേതിന് സമാനമായ നിലപാട് ഇതുവരെയും പാകിസ്ഥാന്‍ എടുത്തിട്ടില്ല.