കോവിഡിന് ഉടനടി പരിഹാരം നിലവിൽ ഇല്ല, ഉണ്ടായില്ലെന്നും വരാം: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

വാക്‌സിനിനെ കുറിച്ച് പ്രതീക്ഷകൾ ഉണ്ടെങ്കിലും, കോവിഡ്-19 നെതിരെ “ഉടനടി പരിഹാരം” നിലവിൽ ഇല്ലെന്നും, ഒരിക്കലും ഉണ്ടായില്ലെന്ന് വരാമെന്നും ലോകാരോഗ്യ സംഘടന. സാധാരണ നിലയിലേക്കുള്ള വഴി വളരെ നീണ്ടതാണെന്നും ലോകാരോഗ്യ സംഘടന തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയാതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ലോകമെമ്പാടുമുള്ള 18.14 ദശലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് ബാധിച്ചതായും 688,080 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.

മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈ കഴുകൽ, പരിശോധന തുടങ്ങിയ ആരോഗ്യ നടപടികൾ കർശനമായി നടപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസും ലോകാരോഗ്യ സംഘടനയുടെ അടിയന്തര സാഹചര്യങ്ങളുടെ ചുമതലയുള്ള മൈക്ക് റയാനും എല്ലാ രാജ്യങ്ങളോടും പറഞ്ഞു.

“ജനങ്ങൾക്കും സർക്കാരുകൾക്കുമുള്ള സന്ദേശം വ്യക്തമാണ്:‘ എല്ലാം മുൻകരുതലും ചെയ്യുക ’,” ടെഡ്രോസ് ജനീവയിലെ യു.എൻ ആസ്ഥാനത്തു നിന്നുള്ള ഒരു വെർച്വൽ  വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാസ്കുകൾ ലോകമെമ്പാടുമുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.

“നിരവധി വാക്സിനുകൾ ഇപ്പോൾ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്, ആളുകളെ അണുബാധയിൽ നിന്ന് തടയാൻ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്സിനുകൾ ലഭിക്കുമെന്ന് നമ്മൾ എല്ലാവരും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഉടനടിയുള്ള ഫലപ്രദമായ പരിഹാരം നിലവിൽ ഇല്ല – ഒരിക്കലും ഉണ്ടായില്ലെന്നും വരാം. ”

“ബ്രസീൽ, ഇന്ത്യ എന്നിവയുൾപ്പെടെ ഉയർന്ന കോവിഡ് നിരക്ക് ഉള്ള രാജ്യങ്ങൾ ഒരു വലിയ യുദ്ധത്തിന് തയ്യാറാകേണ്ടതുണ്ട്. പ്രതിസന്ധിയിൽ നിന്നും പുറത്തുകടക്കാനുള്ള വഴി വളരെ വലുതാണ്, അതിന് സ്ഥിരമായ പ്രതിബദ്ധത ആവശ്യമാണ്,” മൈക്ക് റയാൻ പറഞ്ഞു.