"സാമ്പത്തിക കാരണങ്ങളാൽ ഇന്ത്യക്കാര്‍ നിയമവിരുദ്ധമായി ബംഗ്ലാദേശിലെത്തുന്നുണ്ട് ...അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാരുടെ പട്ടിക തരൂ, തിരിച്ചെടുക്കാൻ തയ്യാര്‍": ബംഗ്ലാദേശ്

ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ഏതെങ്കിലും ബംഗ്ലാദേശി പൗരന്മാരുണ്ടെങ്കിൽ അവരുടെ പട്ടിക നൽകണമെന്ന് തങ്ങളുടെ രാജ്യം ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, ഈ പട്ടിക ലഭിച്ചാൽ അവരെ തിരികെ രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമെൻ പറഞ്ഞതായി റിപ്പോർട്ട്.

ഇന്ത്യയുടെ ദേശീയ പൗരത്വ പട്ടിക(എൻ‌.ആർ‌.സി)യെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എ കെ അബ്ദുൾ മോമെൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉള്ള രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച ഇന്ത്യ സന്ദർശനം അബ്ദുൾ മോമെൻ റദ്ദാക്കിയിരുന്നു. എന്നാൽ തന്റെ തിരക്കേറിയ സമയക്രമമായിരുന്നു സന്ദർശനം റദ്ദാക്കിയതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബംഗ്ലാദേശ്-ഇന്ത്യ ബന്ധം സാധാരണവും വളരെ മധുരതരമായി തുടരുന്നുവെന്നും ഒന്നും അതിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ‌ആർ‌സി പ്രക്രിയയെ ആഭ്യന്തര കാര്യമായി ഇന്ത്യ വിശേഷിപ്പിച്ചതായും ഇത് ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് ധാക്കയ്ക്ക് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക കാരണങ്ങളാൽ ചില ഇന്ത്യൻ പൗരന്മാർ ഇടനിലക്കാർ വഴി അനധികൃതമായി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, അതേസമയം ഇന്ത്യ പൗരന്മാരെ ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നു എന്ന വാദം അദ്ദേഹം നിരസിച്ചു.