ഫലപ്രദമായ ഇടപെടലുകളിലൂടെ കോവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കും; ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ഫലപ്രദമായ ഇടപെടലുകളിലൂടെ വെെറസ് ബാധ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ പോലും ഇതിനെ നിയന്ത്രിച്ച് നിര്‍ത്താനായെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടന വക്താവ് ഡോ മരിയ വാന്‍കെര്‍കോവിന്റെ പ്രതികരണം.

രാജ്യം സമ്പന്നമോ ദരിദ്രമോ എന്നത് പ്രശ്‌നമല്ല. ആരോഗ്യ മേഖലയിലില്‍ മികവ് കാണിക്കുകയും ഭരണകൂടത്തിന്റെ സമീപനം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഒറ്റക്കെട്ടായി വരികയും ചെയ്താല്‍ കോവിഡിനെ നിയന്ത്രിക്കാനാവുമെന്ന് അവര്‍ പറഞ്ഞു.

മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ജാഗ്രതയോടെ ഇരിക്കല്‍ എന്നിവയുടെ ആവശ്യകതയെ കുറിച്ചും അവര്‍ പറഞ്ഞു. 2021-ന് മുമ്പ് കോവിഡ് വാക്‌സിന്‍ ലഭ്യമാവില്ലെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ പറഞ്ഞിരുന്നു. വാക്‌സിന്‍ ഗവേഷണത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. എങ്കിലും അടുത്ത വര്‍ഷം ആദ്യത്തോടെയല്ലാതെ മനുഷ്യനില്‍ ഉപയോഗിക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് അടുക്കുന്നു. 1,59, 26,218 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,41,740 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കോവിഡ് പടരുകയാണ്.