ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ന്നു. ഇറാന്റെ പ്രധാന ആണവ റിയാക്ടറുകളില്‍ ഒന്നായ നതാന്‍സ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു.
ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ജനവാസ കേന്ദ്രങ്ങളും ഇസ്രയേല്‍ ആക്രമിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. ആക്രമണത്തെ സൗദിയും ഒമാനും അപലപിച്ചിട്ടുണ്ട്. സഹോദര രാഷ്ട്രമായ ഇറാനെ ആക്രമിച്ചത് അംഗീകരിക്കാനാവില്ലെന്ന് സൗദി വ്യക്തമാക്കി.
അതേസമയം, വര്‍ഷങ്ങളുടെ തയ്യാറെടുപ്പകള്‍ക്ക് ശേഷമാണ് ഇറാനുനേരെ ഇന്നു ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 200 യുദ്ധ വിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 100 കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ബോംബുകളും മിസൈലുകളുമടക്കം 330 ആയുധങ്ങള്‍ പ്രയോഗിച്ചതായും അവര്‍ അവകാശപ്പെട്ടു.
ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ക്കൊടുവിലാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനില്‍ നിലവില്‍ 15 ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധസേന പറയുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും ആണവ പദ്ധതികളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് നെതന്യാഹുവും പറഞ്ഞു.