സെലന്‍സ്‌കിയ്ക്ക് പിന്നാലെ പുടിനും; റഷ്യയ്ക്ക് വേണ്ടി പോരാടാന്‍ വിദേശപോരാളികളെ വിളിക്കുന്നു

ഉക്രൈന് പിന്നാലെ യുദ്ധത്തില്‍ പങ്കുചേരാന്‍ വിദേശ പോരാളികളെ ക്ഷണിച്ച് വ്‌ളാഡിമിര്‍ പുടിനും. റഷ്യന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവേയാണ് അദ്ദേഹം യുദ്ധത്തിലേക്ക് വിദേശ വളണ്ടിയര്‍മാരെ ക്ഷണിച്ചത്. നിലവില്‍ റഷ്യന്‍ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാന്‍ 16,000 വളണ്ടിയര്‍മാര്‍ മധ്യേഷ്യയില്‍ തയാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ഷോയ്ഗു അറിയിച്ചു.

എന്നാല്‍ നഗരയുദ്ധത്തില്‍ പ്രാവിണ്യമുള്ള സിറിയിന്‍ യോദ്ധാക്കളാണിവരെന്നാണ് യുഎസ് പറയുന്നത്. റഷ്യ ദീര്‍ഘകാലമായി സിറിയയുടെ സഖ്യകക്ഷിയാണ്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ പൂര്‍ണ പിന്തുണയാണ് പുടിന്‍ നല്‍കിവരുന്നത്.

ഉക്രൈനിലെ തെക്കു കിഴക്കന്‍ പ്രദേശത്തുള്ള ഡോണ്‍ബാസിലേക്ക് ആളുകളെ എത്തിക്കാനാണ് പുടിന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ”ഡോണ്‍ബാസിലെ ജനങ്ങളെ സഹായിക്കാനായി പണത്തിന് വേണ്ടിയല്ലാതെ പോകാന്‍ ആരെങ്കിലും സന്നദ്ധരാണെങ്കില്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുത്ത് കൊണ്ടുപോകണം” പുടിന്‍ തന്റെ പ്രതിരോധ മന്ത്രിയോട് പറഞ്ഞു.

പടിഞ്ഞാറന്‍ സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത ആന്റി ടാങ്ക് മിസൈല്‍ ലുഹാന്‍സ്‌ക്, ഡോണെറ്റ്സ്‌ക് എന്നീ പ്രദേശങ്ങളിലെ റഷ്യന്‍ വിമതര്‍ക്ക് നല്‍കാനും പുടിന്‍ സമ്മതിച്ചു. ഉക്രൈനിന്റെ ചില ഭാഗങ്ങളില്‍ ആക്രമണം ശക്തമാക്കാനൊരുങ്ങിയതോടെയാണ് സുരക്ഷാ കൗണ്‍സില്‍ ചേര്‍ന്നത്.