വാനാക്രൈയ്ക്ക് പിന്നില്‍ ഉത്തരകൊറിയയുടെ കറുത്ത കരങ്ങള്‍, വെളിപ്പെടുത്തലുമായി യുഎസ്

ലോകത്തെ ഇന്റര്‍നെറ്റ് ശൃംഖലയെ പിടിച്ചുലച്ച വാനാക്രൈ റാന്‍സംവെയറുകള്‍ക്ക് പിന്നില്‍ ഉത്തരകൊറിയയുടെ കറുത്ത കരങ്ങളെന്ന് അമേരിക്കയുടെ വെളിപ്പെടുത്തല്‍. ലോകത്തിലെ ഇന്റര്‍നെറ്റ് ശൃംഖലയെ തര്‍ക്കുകയും അതുവഴി കൊള്ളലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചതും ഉത്തരകൊറിയയാണെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബോസേള്‍ട്ടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ലേഖനത്തിലാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന പ്രസ്താവന ഇദ്ദേഹം നടത്തിയിരിക്കുന്നത്.

ഉത്തരകൊറിയയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണ് വാനാക്രൈ. പത്തുവര്‍ഷമായി വളരെ മോശം രീതിയിലുള്ള പെരുമാറ്റമാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഉത്തരകൊറിയയ്ക്ക് വേണ്ടി ലാസറാസ് ഗ്രൂപ്പാണ് ഹാക്കിംഗ് നടത്തിയിരിക്കുന്നതെന്നും ബോസേര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ യുഎസിന്റെ ആരോപണത്തോട് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. വാനാക്രൈ റാന്‍സംവെയറുകള്‍ക്ക് പിന്നില്‍ ഉത്തരകൊറിയയാണെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഈ വര്‍ഷം മെയിലായിരുന്നു ലോകത്തെ സ്തംഭിപ്പിച്ച വാനാക്രൈ ആക്രമണമുണ്ടാകുന്നത്. ഇമെയില്‍ സന്ദേശങ്ങളായി കംപ്യൂട്ടറിനുള്ളില്‍ പ്രവേശിക്കുന്ന വാനാക്രൈ റാന്‍സംവെയറുകള്‍ ഇമെയില്‍ തുറക്കുന്നതോടെ കംപ്യൂട്ടര്‍ ഫയലുകളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഫയലുകള്‍ വീണ്ടും തുറക്കാന്‍ ബിറ്റകോയിനുകളാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലുള്‍പ്പെടെ വാനാക്രൈയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടനിലെ ദേശീയ ആരോഗ്യസര്‍വ്വീസിനെയാണ് ഏറ്റവും ദോഷകരമായി വാനാക്രൈ ബാധിച്ചത്.

എന്നാല്‍ വാനാക്രൈയ്ക്ക് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്ന പഠനവും ആദ്യസമയങ്ങളില്‍ പുറത്തു വന്നിരുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫ്‌ളാഷ്‌ പോയിന്റിലെ വിദ്ഗധരാണ് ചൈനയ്ക്ക് നേരെ ചൂണ്ടുവിരല്‍ നീളുന്ന പഠനത്തിനു പിന്നില്‍. റാന്‍സംവെയര്‍ ബാധിച്ച കംപ്യൂട്ടറുകളില്‍ പണം ആവശ്യപ്പെട്ടുവന്ന സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാനാക്രൈയ്ക്ക് ചൈനീസ് ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്.