'എല്ലാം അവസാനിപ്പിക്കാനുള്ള സമയമായി'; ഗാസയിലെ വെടിനിർത്തലിനുള്ള ഇസ്രായേലിന്റെ പുതിയ നിർദേശങ്ങളുമായി അമേരിക്കൻ പ്രസിഡന്റ്, ഹമാസ് അംഗീകരിക്കണമെന്നും ബൈഡൻ

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇസ്രയേൽ പുതിയ മർ​ഗനിർദ്ദേശം മുന്നോട്ട് വെച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമെത്തിയിരിക്കുന്നുവെന്നും ഈ മാർ​ഗനിർദ്ദേശങ്ങൾ അം​ഗീകരിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. എട്ട് മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഓരോ ഘട്ടങ്ങളായുള്ള നിർദ്ദേശമാണ് ഇസ്രയേൽ മുന്നോട്ട് വച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ സമ്പൂർണമായ വെടിനിർത്തൽ, ജനവാസ മേഖലകളിൽ നിന്ന് ഐഡിഎഫ് സേനയെ പിൻവലിക്കൽ, പലസ്തീൻ തടവുകാരെയും ബന്ദികളെയും കൈമാറൽ എന്നിവ ഉൾപ്പെടുമെന്നും ബൈഡൻ പറഞ്ഞു. മാനുഷിക സഹായങ്ങൾ തടസപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലേക്ക് കൂടുതൽ സഹായ പാക്കേജുകൾ എത്താൻ വെടിനിർത്തൽ സഹായകരമാകും. ഇങ്ങനെ ഓരോ ദിവസവും 600 ട്രക്കുകൾ ഗാസയിലേക്ക് സഹായം എത്തിക്കും.

രണ്ടാം ഘട്ടത്തിൽ പുരുഷ സൈനികർ ഉൾപ്പെടെ ജീവനുള്ള എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും. വെടിനിർത്തൽ ഇരു കൂട്ടരും തമ്മിലുള്ള ശത്രുത ശാശ്വതമായി ഇല്ലാതാക്കുന്നതിന് കാരണമാകും, ബൈഡൻ കൂട്ടിച്ചേർത്തു. മൂന്നാം ഘട്ടത്തിൽ മരണമടഞ്ഞ ഇസ്രയേലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ തിരികെയെത്തിക്കും. ഗാസയിലെ വീടുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ പുനർനിർമിക്കുന്നതിനുള്ള യുഎസ്, അന്തർദേശീയ സഹായത്തോടെയുള്ള പുനർനിർമ്മാണ പദ്ധതിയും മൂന്നാം ഘട്ടത്തിൽ ആയിരിക്കും.

ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള പുതിയ നിർദേശങ്ങൾ അംഗീകരിക്കാൻ ഹമാസിനോട് ജോ ബൈഡൻ അഭ്യർഥിച്ചു. ” ഇത് വളരെ നിർണായക നിമിഷമാണ്. വെടിനിർത്തൽ വേണമെന്ന് ഹമാസ് പറയുന്നു. അവർക്ക് അത് യഥാർഥത്തിൽ വേണമോയെന്ന് തെളിയിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു. ഈ യുദ്ധം അവസാനിക്കേണ്ട സമയമാണിത്,” ബൈഡൻ പറഞ്ഞു. നിർദേശങ്ങളെ പോസിറ്റീവ് ആയി കാണുന്നുവെന്ന് ഹമാസ് പ്രതികരിച്ചു.

Read more

യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പുതിയ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായി എക്‌സിൽ കുറിച്ചു. ലോകം ഗാസയിൽ വളരെയധികം കഷ്ടപ്പാടുകൾക്കും നാശത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് നിർത്താനുള്ള സമയമായി, അദ്ദേഹം പറഞ്ഞു.