ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കുന്നത് മുസ്ലീംങ്ങളോടുള്ള അവഹേളനമോ? ട്രംപിന്റെ നയംമാറ്റത്തിനെതിരെ ലോകരാജ്യങ്ങള്‍, നിലപാട് പ്രഖ്യാപിക്കാതെ ഇന്ത്യ

വിശുദ്ധ നഗരമെന്ന് അറിയപ്പെടുന്ന ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ നടന്ന പ്രഖ്യാപനം യുദ്ധക്കെടുതിയില്‍നിന്ന് ഇനിയും മോചിതമായിട്ടില്ലാത്ത പശ്ചിമേഷ്യന്‍ രാജ്യങ്ങളെ വീണ്ടും സംഘര്‍ഷത്തിന്റെ വക്കിലേക്ക് എത്തുന്നതാണ് ട്രംപിന്റെ നടപടി.

ഏഴു പതിറ്റാണ്ടായി അമേരിക്ക കാത്തുസൂക്ഷിച്ചുവന്ന നയതന്ത്ര ബന്ധമാണ് ടെല്‍ അവീവിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റുന്നതിലൂടെ ട്രംപ് അട്ടിമറിച്ചിരിക്കുന്നത്. എംബസി മാറ്റിയെന്ന പ്രഖ്യാപനം മാത്രമാണ് നടന്നത്. ജറുസലേമില്‍ കെട്ടിടമില്ലാത്തതിനാല്‍ എംബസി മാറ്റി സ്ഥാപിക്കുന്നതിന് നാല് വര്‍ഷത്തിലേറെ സമയമെടുക്കും.

മുസ്ലീം, ക്രിസ്ത്യന്‍, ജൂത വിശ്വാസികള്‍ ഒരുപോലെ പുണ്യനഗരമായി കാണുന്ന സ്ഥലമാണ് ജറുസലേം. 1980ല്‍ തന്നെ ഇസ്രയേല്‍ ജറുസലേമിനെ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ലോകരാജ്യങ്ങള്‍ അത് അംഗീകരിച്ചിരുന്നില്ല. ട്രംപിന്റെ പുതിയ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത്. ലോക മുസ്ലീം ജനതയോടുള്ള അവഹേളനമാണ് ട്രംപിന്റെ തലസ്ഥാന പ്രഖ്യാപനം എന്നാണ് അറബ് രാഷ്ട്രങ്ങള്‍ ഒന്നടങ്കം പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും അറബ് രാഷ്ട്രങ്ങള്‍ക്കൊപ്പം ട്രംപിനെ വിമര്‍ശിക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ട്രംപിന്റെ നീക്കത്തെ അപലപിച്ചു. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഒദ്യോഗിക നിലപാട് പ്രഖ്യാപനം നടത്തിയിട്ടില്ല.

മധ്യപൂര്‍വേഷ്യയില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതും ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുന്നതുമാണു യുഎസിന്റെ നയം മാറ്റം. അതേസമയം, ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്‌നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണു പ്രഖ്യാപനമെന്നാണ് ട്രംപിന്റെ നിലപാട്. രണ്ടു പ്രത്യേക രാജ്യങ്ങളാകാനുള്ള താല്‍പര്യം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെങ്കില്‍ അത് യുഎസ് അംഗീകരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.

അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് അന്തിമ നിലപാട് എടുക്കില്ല. മൂന്നു മതവിശ്വാസികളുടെയും പുണ്യനഗരമായി ജറുസലം തുടരും. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മധ്യപൂര്‍വേഷ്യ ഉടന്‍ സന്ദര്‍ശിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ തീരുമാനം മേഖലയില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കും. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പായി ഡോണള്‍ഡ് ട്രംപ് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇസ്രയേല്‍ പാര്‍ലമെന്റ്, പ്രധാനമന്ത്രിയുടെ വസതി, സുപ്രീം കോടതി തുടങ്ങിയവ ജറുസലമില്‍ ആണെങ്കിലും ഇവിടെ ഒരു രാജ്യത്തിന്റെയും എംബസികള്‍ പ്രവര്‍ത്തിക്കുന്നില്ല.