കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ പാകിസ്താന്‍ വാങ്ങി അമേരിക്കയെ 'പറ്റിച്ച' സൈനീകസഹായങ്ങള്‍ എന്തൊക്കെ ?

സഹായം സ്വീകരിച്ച് പാകിസ്താന്‍ പതിറ്റാണ്ടുകളായ വഞ്ചിക്കുകയായിരുന്നുവെന്നും ഇനി അത് നടക്കില്ലെന്നുമുള്ള അമേരിക്കന്‍  പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ആഗോളതലത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഭീകരവാദ പ്രവര്‍ത്തങ്ങള്‍ക്കുവേണ്ടി  പാകിസ്താന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയാണെന്ന് പറഞ്ഞ ട്രംപ് പാകിസ്ഥാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ട്രംപിന്റെ തീരുമാനം ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. പാകിസ്താനുമായി അമേരിക്കയ്ക്ക് ഉണ്ടായിരുന്ന നീണ്ടകാല സൗഹൃദം ചോദ്യചിഹ്നമാകുന്ന ഈ സാഹചര്യത്തില്‍ കഴിഞ്ഞ 15 വര്‍ഷം അമേരിക്ക പാകിസ്താന് നല്‍കിയ സഹായങ്ങളുടെ വിവരങ്ങളിതാ…

1. 1965 ലാണ് പാകിസ്താനെതിരെ അമേരിക്കയുടെ ആദ്യത്തെ നടപടിയുണ്ടാകുന്നത്. ഇന്ത്യ- പാക് യുദ്ധത്തെതുടര്‍ന്ന് അമേരിക്ക  നല്‍കിയിരുന്ന സൈനികസഹായം താത്കാലികമായി നിര്‍ത്തിവച്ചു

2. തുടര്‍ന്നുള്ള 15 വര്‍ഷങ്ങളിലും  അമേരിക്കയുടെ സൈനികസഹായം പ്രത്യക്ഷത്തിലുണ്ടായിരുന്നില്ല.

3. 1979 ല്‍ പാകിസ്ഥാന്റെ ആണവ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സമയത്ത് ,അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഭക്ഷണത്തിനുള്ള ധനസഹായമൊഴികെ മറ്റെല്ലാ സഹായങ്ങളും നിര്‍ത്തലാക്കി.

4. എന്നാല്‍ 1980 കളുടെ തുടക്കത്തില്‍,അഫ്ഗാന്‍ – സോവിയറ്റ് യുദ്ധകാലഘട്ടത്തില്‍ നല്‍കിയിരുന്ന് സൈനികസഹായം അമേരിക്ക ഒരിക്കല്‍കൂടി ശക്തിപ്പെടുത്തി.

5. പിന്നീട് 1990 ല്‍ പാകിസ്താന്‍ ആണാവായുധങ്ങള്‍ നിര്‍മ്മിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ , പ്രസ്ലര്‍ അമെന്‍മെന്റ് വഴി സൈനികസഹായങ്ങളെല്ലാം റദ്ദാക്കി.

6. 1993 ല്‍ അമേരിക്കയുടെ വിദേശനയത്തിന്റെ ഭാഗമായിട്ടുള്ള യുഎസ്എഐഡി മിഷന്‍ എട്ടുദിവസത്തേക്ക് നിര്‍ത്തലാക്കി.

7. പാകിസ്താന്‍റെ ആണവപരീക്ഷണങ്ങള്‍ക്കായുള്ള സഹായങ്ങളും 1998 ല്‍ അമേരിക്ക വെട്ടിച്ചുരുക്കി.

8. എന്നാല്‍ സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിനുശേഷം, യുഎസ് പാകിസ്താന് നല്‍കുന്ന സഹായങ്ങളില്‍ ഗണ്യമായ വര്‍ധനവ് കൊണ്ടുവന്നു.

9. തുടര്‍ന്ന് 2004 ല്‍ അമേരിക്ക നൂറ് കോടി ഡോളര്‍ ധനസഹായം  നല്‍കി.

10. പിന്നീട് 2009 ല്‍ പാകിസ്ഥാനുമായുള്ള പങ്കാളിത്ത നിയമം പാസ്സാക്കുകയും പാകിസ്താന് നല്‍കിയിരുന്ന സാമ്പത്തികസഹായം മൂന്നിരട്ടിയാക്കുകയും ചെയ്തു.

11.  2002- 2009 കാലഘട്ടത്തില്‍ അമേരിക്കയുടെ വിദേശനയമനുസരിച്ച് പാകിസ്താന് സാമ്പത്തികകാര്യങ്ങള്‍ക്ക് 30 ശതമാനം സഹായമാണ് നല്‍കിയിരുന്നത്. ബാക്കി 70 ശതമാനവും സുരക്ഷാകാര്യങ്ങള്‍ക്കാണ് നല്‍കിയത്.

12. 2011 ആയപ്പോഴേക്കും അമേരിക്കയില്‍ നിന്നും സഹായം കൈപ്പറ്റുന്ന രാജ്യങ്ങളില്‍ നാലമത്തെ വലിയ രാജ്യമായി പാകിസ്ഥാന്‍ മാറി. അമേരിക്കയുടെ ആകെ വിദേശ സഹായത്തിന്‍റെ 3.4 ശതമാനവും പാകിസ്ഥാനാണ് നല്‍കിയിരുന്നത്. അഫ്ഗാനിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. 26.1 ശതമാനം സമ്പത്തും അമേരിക്ക അഫ്ഗാനിസ്ഥാന് നല്‍കുകയാണ്.

13. അമേരിക്ക കൂടാതെ മറ്റ് അന്താരാഷ്ട്ര സംഘടനകളും പാകിസ്താന് കയ്യയച്ച് സഹായിച്ചിരുന്നു.

14. 2011 ലെ കണക്കുകള്‍ പ്രകാരം അമേരിക്ക 30 ശതമാനവും, ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍ 21 ശതമാനവും ,ജപ്പാന്‍ 14 ശതമാനവും ധനസഹായം നല്‍കിയിട്ടുണ്ട്.

15.  2016 ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 53.7 കോടി ഡോളര്‍ പാകിസ്ഥാന് നല്‍കാന്‍ തീരുമാനിച്ചിരുന്നു . അതേസമയം ഇന്ത്യയ്ക്ക് അമേരിക്ക നല്‍കിയ ധനസഹായം 8.5 കോടി ഡോളര്‍ മാത്രമാണ്.