ട്രംപിനെ നീക്കാന്‍ ഇംപീച്ച്മെന്‍റ് പ്രമേയം ഇന്ന് ജനപ്രതിനിധിസഭയിൽ, ബുധനാഴ്ച വോട്ടെടുപ്പിന് സാദ്ധ്യത

കാപ്പിറ്റോൾ മന്ദിരത്തിലെ അക്രമത്തിന് ആഹ്വാനം ചെയ്തതിന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യുഎസ് ജനപ്രതിനിധി സഭ. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇംപീച്ച്മെന്റ് നടപടികള്‍ക്ക് കാലതാമസമുണ്ട് എന്നതിനാലാണ് 25–ാം ഭരണഘടനാ ഭേദഗതി പ്രകാരം പ്രസിഡന്‍റിനെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരുന്നത്. എന്നാൽ ജോ ബൈഡൻ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്കു ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂ എന്നാണ് സൂചന.

ബൈഡന്‍ സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയ ശേഷമേ സെനറ്റില്‍ ട്രംപിനെതിരായ കുറ്റവിചാരണ തുടങ്ങാനിടയുള്ളൂ. അധികാരദുർവിനിയോഗത്തിന്റെ പേരിൽ 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും 2020 ഫെബ്രുവരിയിൽ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജനപ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്കാണു ഭൂരിപക്ഷമെങ്കിലും 100 അംഗ സെനറ്റിൽ ഇരുകക്ഷികളും തുല്യനിലയിലാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷം (66) ലഭിച്ചാലേ കുറ്റവിചാരണ വിജയിക്കൂ.

അതിനിടെ ക്യാപ്പിറ്റോള്‍ കലാപത്തിന് ശേഷം ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സംസാരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെന്‍സ് പങ്കെടുക്കുമെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ ബൈഡൻ സ്വാഗതം ചെയ്തു. ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.